സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്ക് താങ്ങാനാകുന്നതല്ല എസ്.പി ബാലസുബ്രഹ്മണ്യമെന്ന ഇതിഹാസം ഇനിയില്ല എന്ന വാര്‍ത്ത. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത വന്നത് മുതല്‍ പ്രാര്‍ഥനയിലായിരുന്നു സിനിമാലോകം. പലപ്പോഴായി മകന്‍ എസ്.പി ചരണ്‍ അദ്ദേഹം ആരോഗ്യസ്ഥിതി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്ന് അറിയിക്കുമ്പോള്‍ എല്ലാവരും പ്രതീക്ഷയിലായിരുന്നു. പ്രിയ ഗായകന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണിപ്പോള്‍ തമിഴ് സിനിമാ ലോകം. തെലുങ്ക് സിനിമ കഴിഞ്ഞാല്‍ അദ്ദേഹം ഏറ്റവുമധികം പാട്ടുകള്‍ പാടിയത് തമിഴിലായിരുന്നു. കെ.വി മഹാദേവന്‍റെയും എംഎസ് വിശ്വനാഥന്‍റെയും വി.കുമാറിന്‍റെയുമൊക്കെ സംഗീതത്തിലാണ് ആദ്യം പാടിത്തുടങ്ങിയത് പിന്നീട് ഇളയരാജയുടെ ഗാനങ്ങളിലൂടെ തമിഴ് സിനിമാപ്രേമികളുടെ ഹൃദയത്തിലേക്ക് അദ്ദേഹം ആഴ്ന്ന് ഇറങ്ങുകയായിരുന്നു.
എസ്പിബിയുടെ വേര്‍പാടില്‍ വിങ്ങി തമിഴ് സിനിമാ ലോകം
തെലുങ്ക് സിനിമ കഴിഞ്ഞാല്‍ എസ്.പി ബാലസുബ്രഹ്മണ്യം ഏറ്റവുമധികം പാട്ടുകള്‍ പാടിയത് തമിഴിലായിരുന്നു
'അണ്ണയ്യ... എസ്‍പിബിയുടെ ശബ്ദത്തിന്‍റെ നിഴലില്‍ ഏറെക്കാലം വളരാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. വരും തലമുറകളിലും അദ്ദേഹത്തിന്‍റെ ഖ്യാതി ഇവിടെ നിലനില്‍ക്കും...' എസ്‌പിബിക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ക്കൊപ്പം കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. വ്യാഴാഴ്ച എസ്‌പിബിയുടെ നില ഗുരുതരമാണെന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ വന്നതിന് ശേഷം കമല്‍ ഹാസന്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. 'എസ്‍പിബിയുടെ ശബ്ദം ഓരോ വീടുകളിലും എക്കാലത്തേക്കും മുഴങ്ങും' ഇതായിരുന്നു നടന്‍ ധനുഷിന്‍റെ ട്വീറ്റ്. വരാനിരിക്കുന്ന തലമുറകളിലൂടെയും ആ ശബ്ദം ജീവിക്കുമെന്നും ധനുഷ് കുറിച്ചു. എസ്‌പിബിയുടെ വിയോഗം ഒരു വ്യക്തിപരമായ നഷ്ടം പോലെ തെന്നുന്നുവെന്നാണ് നടി തൃഷ കൃഷ്ണന്‍ കുറിച്ചത്. 'താങ്കളുടെ സംഗീതവും ഓര്‍മകളും എന്നും എന്നോടൊപ്പം ഉണ്ടാകും' എന്നാണ് നടന്‍ രജനീകാന്ത് എസ്‌പിബിയെ അനുസ്മരിച്ച് പറഞ്ഞത്.