കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ചിരഞ്ജീവി കേന്ദ്രകഥാപാത്രമായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം സെയ്റാ നരസിംഹ റെഡ്ഡി തീയേറ്ററുകളിലെത്തി. ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ അധികരിച്ചാണ് സിനിമ. അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, തമ്മന്ന, കിച്ച സുദീപ്, വിജയ് സേതുപതി, ബ്രഹ്മാജി, രവി കിഷൻ, ഹുമ ഖുറേഷി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. 250 കോടി ബജറ്റില്‍ അഞ്ച് ഭാഷകളിലൊരുക്കിയിരിക്കുന്ന ചിത്രം ആഗോളതലത്തില്‍ 4800 തീയേറ്ററുകളിലൂടെയാണ് സിനിമാപ്രേമികളിലേക്കെത്തിയത്.
സെയ്റാ നരസിംഹ റെഡ്ഡി തീയേറ്ററുകളില്‍ - സെയ്റ നരസിംഹ റെഡ്ഡി
ലോകമെമ്പാടുമായി 4800 തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തു.
സുന്ദര്‍ റെഡ്ഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗ്രാഫിക്സിന് വേണ്ടി മാത്രം 45 കോടിയാണ് ചെലവഴിച്ചത്. 3800 വിഎഫ്എക്സ് ഷോട്ടുകളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആക്ഷന് അതീവ പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിലെ യുദ്ധരംഗം ചിത്രീകരിക്കാന്‍ മാത്രം 55 കോടി ചെലവഴിച്ചിട്ടുണ്ട്. റാം-ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യ സമരസേനാനികള്‍ക്കുള്ള ആദരവായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 160 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. നിരവധി യുദ്ധ രംഗങ്ങള്‍ ഉള്ളതിനാല്‍ യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.