തലസ്ഥാന നഗരിയുടെ മധ്യഭാഗത്തുള്ള ചെങ്കൽച്ചൂള ഇന്ന് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. മുമ്പ് ആരോപിക്കപ്പെട്ട കുപ്രസിദ്ധിയിലല്ല, ഇപ്പോൾ രാജാജി നഗർ എന്നറിയപ്പെടുന്ന ഇവിടുത്തെ മിടുമിടുക്കരായ കുട്ടികളുടെ ക്രിയാത്മകതയിലൂടെയാണ് അവർ പേരെടുക്കുന്നത്.
സൂര്യയുടെ പിറന്നാൾ ദിവസം പുറത്തുവിട്ട അയൻ എന്ന ചിത്രത്തിലെ ഗാനത്തിന്‍റെ പുനരാവിഷ്‌കരണം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൂടാതെ, കുട്ടികളുടെ കലാസൃഷ്‌ടി അവർ ഏറ്റവും ഇഷ്‌ടപ്പെടുന്ന സാക്ഷാൽ സൂര്യയ്‌ക്കടുത്തുമെത്തി.
'വീഡിയോ ഇഷ്‌ടമായി, ഗംഭീരം' എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് താരം ട്വിറ്ററിലൂടെ അഭിനന്ദിച്ചിരുന്നു. ഏറ്റവുമൊടുവില്‍ രാജാജി നഗറിലെ മിടുക്കരോടുള്ള തന്‍റെ സ്‌നേഹവും നന്ദിയും ഒരു ശബ്‌ദരേഖയിലൂടെ അറിയിച്ചിരിക്കുകയാണ് സൂര്യ.
ഈ വീഡിയോ ഒരുക്കിയ കുഞ്ഞുസഹോദരര്‍ക്കും അവരെ പിന്തുണച്ച രാജാജി നഗർ നിവാസികൾക്കും നടൻ നന്ദി പറഞ്ഞു. നിശ്ചയദാർഢ്യമുണ്ടെങ്കിൽ അതിനെ ആർക്കും തടയാൻ കഴിയില്ലെന്നും അതിൽ ഒഴിവുകഴിവുകൾ ഇല്ലെന്നുമുള്ള സന്ദേശമാണ് ഈ വീഡിയോയിലൂടെ തനിക്ക് ലഭിച്ചതെന്ന് സൂര്യ വ്യക്തമാക്കി. നിങ്ങൾ ആഗ്രഹിച്ച സ്ഥാനത്ത് എത്താൻ കഴിയട്ടെ എന്നും സൂര്യ ആശംസിച്ചു.
രാജാജി നഗർ സഹോദരങ്ങൾക്ക് സൂര്യ അയച്ച ശബ്‌ദരേഖ
'ഇത് തിരുവനന്തപുരം രാജാജി നഗറിലെ എല്ലാ കുഞ്ഞുസഹോദരന്മാർക്കുമായാണ്. എന്ത് അതിശയകരമായ വീഡിയോയാണ് നിങ്ങൾ ചെയ്‌തത്. പൂർണമായും ഞാൻ ഇത് ആസ്വദിച്ചു.