തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിനെ അഭിനന്ദിച്ച് താര ജോഡികളായ സൂര്യയും ജ്യോതികയും. നരിക്കുറവര്‍, ഇരുളര്‍ തുടങ്ങീ ആദിവാസി വിഭാഗങ്ങളില്‍ പെട്ട 282 പേര്‍ക്ക് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കിയ മുഖ്യമന്ത്രിയുടെ നടിപടിയില്‍ അഭിനന്ദം അറിയിച്ച് താര ദമ്പതികള്‍. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഇരുവരും രംഗത്തെത്തിയത്.
മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍ ഗോത്ര വര്‍ഗക്കാരുടെ വീട് തേടിയെത്തി നല്‍കിയത് വെറും പട്ടയം മാത്രമല്ലെന്നും അതൊരു പ്രതീക്ഷയാണെന്നും കാലാകാലങ്ങളായി തുടരുന്ന ഗോത്ര വര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നുമായിരുന്നു സൂര്യയുടെ ട്വീറ്റ്.
സൂര്യയ്‌ക്ക് പിന്നാലെ അഭിനന്ദനവുമായി ജ്യോതിക ഇന്‍സ്‌റ്റഗ്രാമിലെത്തി. നീതി എന്ന് പറയുന്നത് പ്രവൃത്തിയിലെ സത്യസന്ധതയാണെന്നും അത് താങ്കള്‍ പ്രവൃത്തിയിലൂടെ തെളിയിച്ചെന്നും ജ്യോതിക പറയുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കഴിയുന്ന രീതിയില്‍ പരിഹരിച്ചും നടപടികള്‍ ഉടനെടുത്തും അധികാരം എന്നത് ഒരു പദവി മാത്രമല്ലെന്ന് നിങ്ങള്‍ തെളിയിച്ചെന്നും മുഖ്യമന്ത്രിയെ പുകഴ്‌ത്തി ജ്യോതിക കുറിച്ചു.
'വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിങ്ങള്‍ കൊണ്ടു വരുന്ന നല്ല മാറ്റങ്ങള്‍ ഒരു പൗരന്‍ എന്ന നിലയില്‍ ഞാനും നഗരവും കഴിഞ്ഞ 16 വര്‍ഷമായി അനുഭവിച്ചിട്ടില്ലാത്ത ഒന്നാണ്. പട്ടയങ്ങളും ജാതി സര്‍ട്ടിഫിക്കറ്റുകളും പ്രധാനപ്പെട്ട സര്‍ക്കാര്‍ സബ്‌സിഡികളും അനേകം ഇരുളര്‍, കുറവര്‍ കുടുംബങ്ങള്‍ക്ക് നിങ്ങള്‍ വിതരണം ചെയ്യുന്നത് മാനവികതയുടെ വിജയമാണ്, നിങ്ങളുടെ പ്രവൃത്തികള്‍ നമ്മുടെ രാഷ്‌ട്രീയ വ്യവസ്ഥിതിയില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസം വളര്‍ത്തുന്നു.
ഡോ.അംബേദ്‌ക്കറിന്‍റെ വാക്കുകള്‍ ഇങ്ങനെ- 'ഞങ്ങള്‍ ഇന്ത്യക്കാരാണ്, ആദ്യമായും ആത്യന്തികമായും'.. അദ്ദേഹത്തിന്‍റെ വിശ്വാസങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതിന് നന്ദി. താങ്കളുടെ ഭരണത്തിലും ഉടനടിയെടുക്കുന്ന നടപടികളിലും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒരു പൗരന്‍ എന്ന നിലയ്‌ക്ക് മാത്രമല്ല, ദിവ്യയുടെയും ദേവിന്‍റെയും അമ്മ എന്ന നിലയ്‌ക്ക് കൂടിയാണ് ഇത് പറയുന്നത്. വരുന്ന തലമുറയ്‌ക്ക് പ്രചോദനമായിരിക്കുന്നതിനും നന്ദി.' - ജ്യോതിക ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.
സൂര്യയുടെ ഏറ്റവും ഒടുവിലായി റിലീസ് ചെയ്‌ത ചിത്രമാണ് ജയ് ഭീം. ജാതി വിവേചനത്തെ കുറിച്ചും ഇരുള ഗോത്രം നേരിടുന്ന വിവേചനങ്ങളെ കുറിച്ചുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ആമസോണ്‍ പ്രൈമിലൂടെ നവംബര്‍ രണ്ടിനാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.
മുഖ്യമന്ത്രിയുടെ ഒരു ഭവന സന്ദര്‍ശനമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടത്. അശ്വനിയെന്ന നരിക്കുറുവന്‍ വീട്ടമ്മയുടെ ക്ഷണം സ്വീകരിച്ചെത്തുകയായിരുന്നു അദ്ദേഹം. ദിവസങ്ങള്‍ക്ക് മുമ്പാണ് ചെന്നൈ ചെങ്കല്‍പേട്ട് ജില്ലയിലെ മാമലപുരത്തെ അശ്വിനിയെന്ന വീട്ടമ്മയുടെ രോഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. മാമലപുരത്തെ സ്ഥലസ്യാന പെരുമാള്‍ ക്ഷേത്രത്തിലെ അന്നദാന പന്തലില്‍ നിന്നും അശ്വിനിയെയും സമുദായ അംഗങ്ങളെയും ആട്ടിയിറക്കിയതിനെ തുടര്‍ന്നായിരുന്നു രോഷത്തോടെയുള്ള വീഡിയോ. വീഡിയോ വൈറലായതിന് പിന്നാലെ ദിവസങ്ങള്‍ക്ക് മുമ്പ് ദേവസ്വം മന്ത്രി ശേഖര്‍ ബാബുവും ദേവസ്വം കമ്മീഷണറും ക്ഷേത്രത്തിലെത്തി അശ്വിനിക്കൊപ്പം അന്നദാനത്തില്‍ പങ്കെടുത്തിരുന്നു.
ഇരുള്‍, നരിക്കുറവര്‍ തുടങ്ങീ പിന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് ഭൂമിയുടെ രേഖകള്‍ കൈമാറുന്ന ചടങ്ങിനായാണ് മുഖ്യമന്ത്രി മാമലപുരത്ത് എത്തിയത്. സ്ഥലത്തെ പിന്നാക്ക വിഭാഗക്കാര്‍ക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിക്കുകയും ചെയ്‌തു. മാമലപുരത്തിന് സമീപമുള്ള പൂഞ്ചേരിയിലെ 81 കുടുംബങ്ങള്‍ക്ക് ഭൂമിയുടെ രേഖകള്‍, ആധാര്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് എന്നിവയും ഇവര്‍ക്ക് ലഭിച്ചു. കോളനയില്‍ അംഗനവാടിയും പഞ്ചായത്ത് സ്‌കൂള്‍ നിര്‍മ്മിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.
Also Read: മരക്കാര്‍ ലൊക്കേഷന്‍ വീഡിയോ പുറത്ത്... സെറ്റില്‍ അജിത്തിന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം