സൂരരൈ പോട്രിലെ പ്രകടനത്തിന് സൂര്യക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകരും തെന്നിന്ത്യയിലെ യുവതാരങ്ങളും നടന്‍റെ തിരിച്ചുവരവ് എന്ന രീതിയിലാണ് അഭിനയത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. എന്നാൽ, സൂര്യയുടെ അരങ്ങേറ്റ ചിത്രത്തിന്‍റെ സംവിധായകൻ താരത്തിനെ പ്രശംസിച്ച് എഴുതിയ കത്താണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ചിത്രത്തിൽ സൂര്യ നെടുമാരൻ രാജാങ്കമായി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എന്ന് പറഞ്ഞ സംവിധായകൻ വാസന്ത്.താൻ വളർത്തിയ വിത്ത് മരമായി വളർന്ന് ശോഭിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1997ൽ പുറത്തിറങ്ങിയ നേർക്കു നേർ എന്ന തമിഴ് ചിത്രത്തിന്‍റെ സംവിധായകനാണ് വാസന്ത്. നടന്‍ വിജയിക്കൊപ്പം ശ്രദ്ധേയ വേഷം ചെയ്‌ത സൂര്യയുടെ ആദ്യസിനിമ കൂടിയായിരുന്നു ഇത്.
ഇന്ന് സൂരരൈ പോട്രിലൂടെ കരിയറിലെ തന്നെ മികച്ച അഭിനയം കാഴ്‌ചവെച്ച സൂര്യയോട് തോന്നുന്ന അഭിമാനം വിവരിക്കാനാവുന്നില്ലെന്നും അത് വാക്കുകൾക്കതീതമാണെന്നും വാസന്ത് പറയുന്നുണ്ട്. സിനിമയുടെ ആദ്യ ഫ്രെയിമിൽ നിന്നും അവസാനം വരെ താരം നെടുമാരന് ജീവൻ നൽകിയെന്നും സൂര്യക്ക് വേണ്ടിയല്ല, നെടുമാരന് വേണ്ടിയാണ് താൻ ഈ കത്ത് എഴുതുന്നതെന്നും അദ്ദേഹം കുറിച്ചു.
"എന്നിലൂടെ തുടക്കം കുറിച്ചതിന് ശേഷം, നിരവധി സിനിമകളിൽ നിങ്ങൾ ഗംഭീര പ്രകടനം നടത്തുകയും കഠിനമായി പ്രയത്‌നിക്കുകയും ചെയ്‌തിട്ടുണ്ട്. ഇത് നിങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനമാണ്. ക്ലൈമാക്സിൽ പോലും നിങ്ങൾ പുഞ്ചിരിക്കുന്നില്ല, വിജയിക്കാനുള്ള ദൃഢനിശ്ചയമാണ് പ്രകടിപ്പിച്ചത്. നിങ്ങൾ നെടുമാരനായി അഭിനയിക്കുക മാത്രമായിരുന്നില്ല, നെടുമാരനായി ജീവിക്കുകയും ചെയ്തു. നെടുമാരൻ തോറ്റുപോകുമ്പോഴൊക്കെ നിങ്ങളുടെ പ്രകടനം വിജയിച്ചു. ഒപ്പം, സ്വാഭാവിക അഭിനയത്തിലൂടെ നിങ്ങൾ കഥാപാത്രത്തിന് ജീവൻ നൽകി. എന്‍റെ പ്രിയപ്പെട്ട സൂര്യ, നിങ്ങളെ ഞാൻ പ്രശംസിക്കുന്നു. അതിൽ എന്നേക്കാൾ സന്തോഷവാനായി മറ്റാരും കാണില്ല. എന്‍റെ വിത്ത്, വൃക്ഷമായി... വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്തത്രയും അഭിമാനം. എന്‍റെ അനുഗ്രഹത്തോടെ ഈ കത്ത് പൂർണമാക്കുന്നു," എന്നാണ് വാസന്ത് കത്തിൽ കുറിച്ച വികാരാതീതമായ വാക്കുകൾ.