സൂര്യ നായകുന്ന ജയ് ഭീം ഒടിടി റിലീസിനെത്തുന്നു. സൂര്യയുടെ 39-ാം ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെ നവംബറിൽ റിലീസിനെത്തും. ടി.ജെ ജ്ഞാനവേല്‍ ആണ് സംവിധായകൻ.
ധനുഷിന് ശേഷം സൂര്യയുടെ നായികയായി രജിഷ വിജയൻ
ധനുഷ്- മാരിസെൽവരാജ് ചിത്രം കർണനിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച രജിഷ വിജയനാണ് ജയ് ഭീമിലെ നായിക. 1993ല്‍ നടന്ന ഒരു യഥാർഥ നിയമപോരാട്ടത്തെ ആസ്‌പദമാക്കിയുള്ള ചിത്രത്തിൽ സൂര്യ വക്കീല്‍ വേഷത്തിലാണ് എത്തുന്നത്. പ്രകാശ് രാജ്, ലിജോമോൾ ജോസ്, മണികണ്‌ഠൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
മണികണ്‌ഠൻ തന്നെയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. കൂട്ടത്തിൽ ഒരുത്തൻ എന്ന ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍. സൂര്യയുടെ നിർമാണ കമ്പനിയായ 2ഡി എന്‍റർടെയ്ൻമെന്‍റ് ചിത്രം നിർമിക്കുന്നു.
More Read: അഭിഭാഷക വേഷത്തിൽ സൂര്യ; ജയ് ഭീം ഫസ്റ്റ് ലുക്ക് പോസ്റ്റർ
സൂര്യയുടേതായി റിലീസിന് തയ്യാറെടുക്കുന്ന മറ്റ് ചിത്രങ്ങൾ വെട്രിമാരന്‍റെ വാടിവാസൽ, എതർക്കും തുനിന്തവൻ എന്നിവയാണ്. വെള്ളിയാഴ്‌ച റിലീസ് ചെയ്യുന്ന നവരസ എന്ന തമിഴ് ആന്തോളജിയിലെ, ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ പ്രധാന താരമായി അഭിനയിക്കുന്നുണ്ട്.
രജിഷ വിജയൻ തമിഴും കടന്ന് തെലുങ്കിലേക്ക് ചുവട് വക്കുകയാണ്. രവി തേജ നായകനാവുന്ന 'രാമറാവു ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെയാണ് നടിയുടെ ടോളിവുഡ് അരങ്ങേറ്റം.