ചെന്നൈ : ആദായ നികുതി വകുപ്പിന്‍റെ നികുതിയിന്മേലുള്ള പലിശയിൽ ഇളവ് തേടി തമിഴ് നടൻ സൂര്യ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 2007-08, 2008-09 വർഷങ്ങളിലെ നികുതിയിൽ ഇളവ് തേടിയാണ് 2018ൽ സൂര്യ ഹൈക്കോടതിയെ സമീപിച്ചത്.
ഈ വർഷക്കാലയളവിൽ 3,1196000 രൂപ നികുതി അടക്കണമെന്നാണ് താരത്തോട് ആദായ നികുതി വകുപ്പ് 2011ൽ അറിയിച്ചിരുന്നത്.
ആദായനികുതി വകുപ്പ് മൂന്ന് വർഷത്തിന് ശേഷം നികുതിയിലെ പലിശ അടക്കാന്‍ ഉത്തരവിട്ടത് ചോദ്യം ചെയ്‌താണ് സൂര്യ കോടതിയെ സമീപിച്ചത്.
എന്നാൽ, ആദായനികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സൂര്യ പൂർണമായി സഹകരിച്ചില്ലെന്നും അതിനാൽ പലിശ ഇളവിന് താരം അർഹനല്ലെന്നും വകുപ്പ് കോടതിയെ അറിയിച്ചു.
ഇതേ തുടർന്നാണ് പലിശ ഒഴിവാക്കണമെന്ന നടന്‍റെ ഹർജി ജഡ്‌ജി എസ്എം സുബ്രഹ്മണ്യം നിരാകരിച്ചത്.
വരുമാന നികുതിയും പലിശയും അടച്ചതായി ഡി എന്‍റർടെയ്‌ൻമെന്‍റ്‌സ് സിഇഒ
'വരുമാന നികുതിയും പലിശയും പൂർണ സഹകരണത്തോടെ അടച്ചതായി സൂര്യയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ 2ഡി എന്‍റർടെയ്‌ൻമെന്‍റ്‌സ് സിഇഒ രാജശേഖർ പാണ്ഡ്യന്‍ വ്യക്തമാക്കി.
നിലവിൽ തങ്ങളുടെ ഭാഗത്ത് നിന്ന് കുടിശ്ശിക അടയ്‌ക്കാനില്ലെന്നും നികുതി വകുപ്പ് ചുമത്തിയ പലിശയിലെ റീഫണ്ട് സംബന്ധിച്ച് മാത്രമാണ് ആശയക്കുഴപ്പമുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
2010ൽ സൂര്യയുടെയും അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളുടെയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയിരുന്നു.
ചെന്നൈ ടി നഗറിലെ വസതിയിലും ബോട്ട് ക്ലബ്ബിലുള്ള ബംഗ്ലാവിലും അദ്ദേഹവുമായി ബന്ധമുള്ളവരുടെ വിവിധ ഓഫിസുകളിലും താമസസ്ഥലങ്ങളിലുമായിരുന്നു പരിശോധന.
More Read: പണക്കാർ എന്തിന് നികുതി ഇളവിന് കോടതിയിൽ വരുന്നു; ധനുഷിനെതിരെ കോടതിയുടെ രൂക്ഷവിമർശനം
നടൻ വിജയ്ക്കും ധനുഷിനും പിന്നാലെയാണ് സൂര്യയ്‌ക്കെതിരെയും മദ്രാസ് ഹൈക്കോടതിയുടെ നടപടി. പണമുള്ളവർ നികുതി ഇളവ് ആവശ്യപ്പെടുന്നത് എന്തിനെന്ന് വിജയ്‌യോടും ധനുഷിനോടും കോടതി ചോദിച്ചിരുന്നു.