സൂര്യ നായകനായ സൂരരൈ പോട്ര് അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. എയർ ഡക്കാൻ സ്ഥാപകൻ ജി.ആർ ഗോപിനാഥിന്‍റെ ജീവിതകഥ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിലെ ക്ലൈമാക്‌സ് സീനിലെ പാട്ടും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൈന്ദവി ആലപിച്ച 'കയ്യിലെ ആകാശം' എന്ന പാട്ടിന്‍റെ ഈണം ചിട്ടപ്പെടുത്തിയത് ജി.വി പ്രകാശ് കുമാറാണ്.
ഇപ്പോഴിതാ, സിനിമയുടെ നിർമാതാവും നായകനുമായ സൂര്യയെ അഭിനന്ദിച്ച് പാട്ട് തന്നെ എത്രത്തോളം വൈകാരികമായി സ്‌പർശിച്ചുവെന്ന ഇന്ത്യൻ സിനിമ ഇതിഹാസം അമിതാഭ് ബച്ചന്‍റെ വാക്കുകൾക്ക് നന്ദി അറിയിക്കുകയാണ് നടൻ സൂര്യ.
ഓരോ പ്രാവശ്യവും കണ്ണുകളെ ഈറനണിയിച്ച വാക്കുകൾ
ഈറൻ കണ്ണുകളോടെയാണ് താൻ പാട്ട് കണ്ടതെന്നും ഓരോ തവണ കാണുമ്പോഴും അങ്ങേയറ്റം വികാരാധീതമായിരുന്നു എന്നുമാണ് അമിതാഭ് ബച്ചൻ അഭിപ്രായപ്പെട്ടത്. സൂര്യയെ അഭിനന്ദിച്ചും ബിഗ് ബി പാട്ടിനെ കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചു. വീഡിയോയിലെ സൂര്യയെ പോലെ പാട്ടു ആസ്വദിക്കുമ്പോൾ ഹൃദയം തകരുകയായിരുന്നു എന്നും ഇത് ഒരു അച്ഛന്‍റെയും മകന്‍റെയും അഗാധ ബന്ധം വരച്ചുകാട്ടുന്നുവെന്ന അനുഭവമാണ് തനിക്ക് തോന്നിയതെന്നുമാണ് അമിതാഭ് ബച്ചൻ പറഞ്ഞത്.
More Read:'സൂരരൈ പോട്രു'മായി സൂര്യയും സുധാ കൊങ്ങരയും ബോളിവുഡിലേക്ക്
അമിതാഭ് ബച്ചന്‍റെ വാക്കുകൾ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടാണ് സൂര്യ നന്ദി അറിയിച്ചത്. 'ഇതുപോലുള്ള സമയങ്ങൾ, ഇതുപോലുള്ള അഭിനന്ദന വാക്കുകൾ, ഇതുപോലുള്ള അസാധാരണ നിമിഷങ്ങൾ ഒക്കെയാണ് സൂരരൈ പോട്രിന്‍റെ ഏറ്റവും വലിയ പ്രതിഫലം.' അമിതാഭ് ബച്ചനിൽ നിന്നുള്ള വാക്കുകൾ തന്നെ വളരെയധികം സ്‌പർശിച്ചു എന്നും സൂര്യ ട്വീറ്റിൽ പറഞ്ഞു.