തനിക്ക് പത്തനാപുരം സ്വദേശി ജയലക്ഷ്‌മി സമ്മാനിച്ച വൃക്ഷത്തൈ ഇനി പ്രധാനമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവിന്‍റെ മുറ്റത്ത് കാണാമെന്ന് നടനും എംപിയുമായ സുരേഷ് ഗോപി.
പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശനത്തിനിടെ ജയലക്ഷ്‍മി എന്ന പെൺകുട്ടി താന്‍ നട്ടുവളര്‍ത്തിയ പേരത്തൈ സുരേഷ് ഗോപിക്ക് നല്‍കിയിരുന്നു. ഈ വൃക്ഷത്തൈ താൻ പ്രധാനമന്ത്രിക്ക് കൈമാറുകയാണെന്ന് സുരേഷ് ഗോപി ഫേസ്‌ബുക്കിലൂടെ അറിയിച്ചു. പേരത്തൈ നരേന്ദ്രമോദിക്ക് കൈമാറുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് സുരേഷ് ഗോപി ഇക്കാര്യം അറിയിച്ചത്.
ജയലക്ഷ്‍മിയുടെ ആഗ്രഹം അനുസരിച്ച് പ്രധാനമന്ത്രിക്ക് അത് സമ്മാനിക്കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കിയിരുന്നു. ഇതുപ്രകാരമാണ് നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്.
സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്
'പത്തനാപുരത്തെ വീട്ടുമുറ്റത്ത് ചിന്താശീലയായ ഒരു പെണ്‍കുട്ടി നട്ടുവളര്‍ത്തിയ വൃക്ഷത്തൈ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വളരും. ഗാന്ധിഭവൻ സന്ദർശനത്തിനിടെ ജയലക്ഷ്‌മി എനിക്ക് കൈമാറിയ പേര വൃക്ഷ തൈ, താൻ ഉറപ്പുപറഞ്ഞ പോലെ പ്രധാനമന്ത്രിയ്ക്ക് ഇന്നലെ കൈമാറി.
പ്രധാനമന്ത്രി അത് തുറന്ന മനസോടെ സ്വീകരിക്കുകയും തന്‍റെ ഔദ്യോഗിക വസതിക്ക് സമീപം നടാമെന്ന് ഉറപ്പുനല്‍കുകയും ചെയ്‌തു.
Also Read: സുരേഷ് ഗോപി ബിജെപിയിൽ അധികനാൾ ഉണ്ടാവില്ല: എൻ.എസ് മാധവൻ
പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞുമോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്‍റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്‍റെ ഔദ്യോഗിക ബംഗ്ലാവിന്‍റെ മുറ്റത്ത് ഇത് നട്ടിട്ട്, പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്‍റെ തൈ എന്‍റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്‍റെ സന്ദേശം,' - സുരേഷ് ഗോപി കുറിച്ചു.