മലയാളത്തിന്‍റെ ആക്ഷൻ കിംഗിന്‍റെ ഈ വർഷത്തെ പിറന്നാൾ അതിഗംഭീരമാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുള്ളത്.
കാവൽ, പാപ്പൻ കൂടാതെ, രാഹുൽ രാമചന്ദ്രന്‍റെ സംവിധാനത്തിലൊരുങ്ങുന്ന 251-ാമത്തെ ചിത്രമുൾപ്പെടെ വ്യത്യസ്‌ത കഥാപാത്രങ്ങളുമായി സുരേഷ് ഗോപി മലയാളികളെ വീണ്ടും ത്രില്ലടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് ഒറ്റക്കൊമ്പൻ എന്ന ചിത്രമാണ്. സൂപ്പർതാരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് സിനിമയിലെ സെക്കൻഡ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
മാസ് ലുക്കിൽ ഒറ്റക്കൊമ്പൻ
ലാത്തിയും ഷീൽഡുമായി നിൽക്കുന്ന പൊലീസുകാർക്കെതിരെ നിർത്തിയിട്ടിരിക്കുന്ന ലോറി.ലേലത്തിലെ ചാക്കോച്ചിയുടെ ലുക്കിൽ നിന്നും വളരെ വ്യത്യസ്‌തനായാണെങ്കിലും, ലോറിയിലെ ഡ്രൈവിങ് സീറ്റിൽ സിഗരറ്റ് വലിച്ചിരിക്കുന്ന സുരേഷ് ഗോപിയെയാണ് സെക്കൻഡ് ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്.
'സിഗരറ്റ് ഉപയോഗിച്ചുള്ള പുകവലി ആരോഗ്യത്തിന് ഹാനികര'മെന്ന് കുറിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഒറ്റക്കൊമ്പന്‍റെ പുതിയ ലുക്ക് ട്വിറ്ററിലൂടെ പങ്കുവച്ചത്.
More Read: ഒറ്റക്കൊമ്പന്‍റെ തേരോട്ടം തുടങ്ങുന്നു; സംവിധായകനും നിർമാതാവിനുമൊപ്പം സുരേഷ് ഗോപി
കാറിന് മുകളിൽ ഇരിക്കുന്ന ഫസ്റ്റ് ലുക്കിലെ സുരേഷ് ഗോപിയെ പോലെ മാസ് ലുക്കിലാണ് രണ്ടാമത്തെ പോസ്റ്ററിലും താരം പ്രത്യക്ഷപ്പെടുന്നത്. സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രം കൂടിയായ ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്.
25 കോടി രൂപ ചെലവിൽ മുളകുപ്പാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടമാണ് സിനിമ നിർമിക്കുന്നത്. ഷിബിൻ ഫ്രാൻസിസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ ഷാജി കുമാർ ആണ്. ഹർഷവർധൻ രാമേശ്വർ സംഗീതം ഒരുക്കുന്നു.