ഹാസ്യ അനുകരണ ശൈലിയിൽ നിന്നും ടിവി പരിപാടികളിലൂടെയും പിന്നീട് സിനിമയിലേക്കും കടന്നുവരുമ്പോൾ നായകന്‍റെ സുഹൃത്തായും നാട്ടുകാരനായുമുള്ള ക്ലീഷേ വേഷങ്ങളിലേക്ക് ചുരുങ്ങാതെ മലയാളസിനിമയിൽ സ്വന്തമായൊരു ഇരിപ്പിടം നേടിയെടുത്ത നടൻ, സുരാജ് വെഞ്ഞാറമ്മൂടിന്‍റെ 45-ാം ജന്മദിനമാണ് ഇന്ന്.
ഹാസ്യനടന്‍റെ കുപ്പായം മാത്രമല്ല തനിക്കിണങ്ങുന്നതെന്ന് 2014ൽ പേരറിയാത്തവർ എന്ന ചിത്രത്തിലൂടെ തെളിയിച്ച് അദ്ദേഹം ദേശീയ അവാർഡ് കരസ്ഥമാക്കി. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം റിലീസായ ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രത്തോടെ ഇത് ഊട്ടിയുറപ്പിച്ചു.
ചിത്രത്തിൽ ചുരുക്കം രംഗങ്ങളിലായിരുന്നു സുരാജ് വെഞ്ഞാറമ്മൂട് പ്രത്യക്ഷപ്പെട്ടത്. എന്നാൽ, പ്രേക്ഷകനെ മുഴുവൻ തന്നിലേക്ക് ആവാഹിക്കുന്നതായിരുന്നു ആ പ്രകടനം.'തമാശക്കാണെങ്കിലും ഇങ്ങനൊന്നും പറയരുതെന്ന് പറ സാറേ....' എന്ന ഡയലോഗ് പ്രേക്ഷകമനസ്സില്‍ ഇന്നും തങ്ങിനില്‍ക്കുന്നതാണ്.
തന്‍റെ കോമഡികൾ മടുപ്പിക്കുന്നതായി മറ്റുള്ളവർക്ക് തോന്നിത്തുടങ്ങിയിരിക്കാമെന്ന ബോധ്യത്തിലായിരുന്നു ആ വഴിമാറ്റം. ആക്ഷൻ ഹീറോ ബിജുവിലെ പ്രകടനത്തിലൂടെ മലയാളികളെ സുരാജ് അതിശയിപ്പിച്ചു.
Also Read: തൊണ്ടിമുതലും ദൃക്‌സാക്ഷിയും നാല് വർഷങ്ങൾ... കള്ളൻ പ്രസാദിന്‍റെ ഡിലീറ്റഡ് സീൻ പുറത്ത്
മിമിക്രിയിലൂടെയും തിരുവനന്തപുരം സംസാര ശൈലിയിലും തമാശ പറഞ്ഞ് ചിരിപ്പിക്കാൻ മാത്രമല്ല കർക്കശക്കാരനായ കുട്ടൻപിള്ളയായും കരിങ്കുന്നം 6സിലെ ദുർവാശിക്കാരൻ പൊലീസായും പ്രതിനായകനായും താൻ അനുയോജ്യനാണെന്ന് തെളിയിക്കുകയായിരുന്നു സുരാജ്.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25, വികൃതി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഡ്രൈവിങ് ലൈസൻസ്, ഫൈനൽസ് തുടങ്ങിയ ചിത്രങ്ങളിലാകട്ടെ ഉപാധികളില്ലാത്ത പ്രകടനം പുറത്തെടുക്കുകയായിരുന്നു താരം.
ജയസൂര്യ പറഞ്ഞ പോലെ 'മിസ്റ്റർ ബെസ്റ്റ് ആക്ടർ' എന്ന് പൂർണമായും വിശേഷിപ്പിക്കാം സുരാജ് വെഞ്ഞാറമ്മൂടിലെ അഭിനേതാവിനെ. ചെറിയ ചെറിയ വേഷങ്ങളിൽ നിന്നും മലയാള സിനിമയുടെ അഭിഭാജ്യമായ കലാകാരനിൽ നിന്നും ഇനിയും മലയാളം ഒരുപാട് പുതിയ സിനിമകൾ പ്രതീക്ഷിക്കുന്നുണ്ട്.
സുരാജിന് പിറന്നാൾ ആശംസയറിയിച്ച് സിനിമാതാരങ്ങൾ
സുരാജിന്‍റെ വ്യത്യസ്‌ത കഥാപാത്രങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മിസ്റ്റർ ബസ്റ്റ് ആക്‌ടർ എന്ന കാപ്‌ഷനിൽ ജയസൂര്യ ജന്മദിനാശംസകൾ അറിയിച്ചത്. നടൻ ടൊവിനോ തോമസ്, സംവിധായകൻ അജയ് വാസുദേവ്, ഗോകുൽ സുരേഷ് തുടങ്ങി നിരവധി പ്രമുഖർ സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് പിറന്നാൾ ആശംസ കുറിച്ചു.
'വൈവിധ്യമാർന്ന പ്രതിഭയും മികച്ച പ്രകടനവും കാഴ്‌ചവക്കുന്ന സുരാജേട്ടന് ജന്മദിനാശംസകൾ' എന്ന് ഗോകുൽ സുരേഷ് പറഞ്ഞു. ഗിന്നസ് പക്രു, ആൻഡ്രോയിഡ് കുഞ്ഞപ്പനായി വേഷമിട്ട സൂരജ് തേലക്കാട്, സുരഭി ലക്ഷ്മി, ഷൈൻ ടോം ചാക്കോ തുടങ്ങിയ താരങ്ങളും സുരാജ് വെഞ്ഞാറമൂടിന് ആശംസകൾ നേർന്നു.