പ്രശസ്‌ത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്‌ചയായിരുന്നു അന്ത്യം. സംവിധായകന്‍റെ ഭാര്യ ലോറെൻ ഷ്യൂലർ ആണ് മരണവാർത്ത അറിയിച്ചത്. സൂപ്പർമാൻ, ലെഥാൾ വെപൺ, ദി ഗൂണിസ് ചിത്രങ്ങളിലൂടെ വിഖ്യാതനായ സംവിധായകനാണ് റിച്ചാർഡ് ഡോണർ.
1931ൽ ന്യൂയോർക്കിലെ ജൂതകുടുംബത്തിലായിരുന്നു റിച്ചാർഡ് ഡോണറിന്‍റെ ജനനം. അഭിനയത്തിലായിരുന്നു ആദ്യ താൽപര്യം പ്രകടിപ്പിച്ചിരുന്നതെങ്കിലും പിന്നീട് സംവിധാനം തന്‍റെ കർമമേഖലയാണെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു.
റിച്ചാർഡ് ഡോണറിന്‍റെ സിനിമകൾ
എക്സ്- 15 എന്ന ചിത്രത്തിലൂടെ 1961ൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഇതിന് മുമ്പ് 60കളിൽ ടെലിവിഷൻ ഷോകളുടെ സംവിധാനത്തിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു.
Also Read: കേരളത്തിൽ ഷൂട്ട് അനുമതിയില്ല; പൃഥ്വിരാജിന്‍റെ ബ്രോ ഡാഡിയും കേരളം വിടുന്നുവെന്ന് ഷിബു ജി. സുശീലൻ
1976ൽ പുറത്തിറങ്ങിയ ദി ഒമെൻ എന്ന ഹൊറർ സിനിമയാണ് റിച്ചാർഡിനെ ശ്രദ്ധേയനാക്കിയത്. 1978ൽ സൂപ്പർമാൻ എന്ന സിനിമ സംവിധാനം ചെയ്‍തതോടെ ആഗോളതലത്തിൽ ആരാധകരെ സൃഷ്‌ടിച്ചു. സ്റ്റീവൻ സ്പിൽബെർഗിന്‍റെ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ അഡ്‌വെഞ്ചർ കോമഡി ദി ഗൂണിസ് സംവിധായകന്‍റെ മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു. 2006ൽ പുറത്തിറങ്ങിയ 16 ബ്ലോക്‌സ് ആണ് റിച്ചാർഡിന്‍റെ അവസാന ചിത്രം.
മിടുക്കനായ അധ്യാപകനും മാർഗദർശിയും എല്ലാവർക്കും പ്രിയങ്കരനായ സുഹൃത്തുമാണ് സംവിധായകൻ റിച്ചാർഡ് ഡോണറെന്ന് സ്റ്റീവൻ സ്‍പിൽബെർഗ് അനുസ്‍മരിച്ചു. അദ്ദേഹത്തിന്‍റെ മരണം അവിശ്വസനീയമാണെന്നും സംവിധായകൻ സ്റ്റീവൻ സ്‍പിൽബെർഗ് പറഞ്ഞു.