തലൈവർ... സ്റ്റൈൽ മന്നൻ... സൂപ്പർസ്റ്റാർ... ദളപതി... അങ്ങനെ പല വിശേഷണങ്ങളുമായി നടന്‍ രജനികാന്ത് കഴിഞ്ഞ 45 വർഷക്കാലമായി തമിഴ് സിനിമാലോകം അടക്കി വാഴുന്ന കാഴ്‌ച നമ്മൾ കാണുന്നതാണ്.... ഇതിനിടക്ക് കമൽ, വിജയ്‌കാന്ത്, ശരത്കുമാർ, അജിത്, വിജയ്, സൂര്യ, വിക്രം അങ്ങനെ മാറി മാറി നിരവധി താരങ്ങള്‍ രജനിയോട് മത്സരിച്ചു. നിരവധി താരങ്ങള്‍ മാറി മാറി വെല്ലുവിളി ഉയർത്തിയിട്ടും കുലുങ്ങാതെ പിടിച്ച് നിന്നാണ് അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പർസ്റ്റാറായി മാറിയത്. അമിതാഭ് ബച്ചനും ഖാന്മാരും സ്റ്റാർഡം കൊണ്ട് ഇന്ത്യയിലെ വലിയ ബ്രാൻഡുകളായി മാറിയപ്പോൾ അവർക്കുള്ള സൗത്ത് ഇന്ത്യൻ മറുപടി കൂടിയായിരുന്നു രജനികാന്ത്. കലക്ഷന്‍ റെക്കോര്‍ഡുകളും ഫാൻബേസും കൊണ്ട് ബോളിവുഡ് താരങ്ങള്‍ ഇന്ത്യൻ സിനിമയുടെ മുഖമായി അറിയപ്പെട്ടപ്പോള്‍... കേരളം, തമിഴ്‌നാട്, ആന്ധ്രാ, കർണാടക തുടങ്ങി സൗത്ത് ഇന്ത്യ മുഴുവൻ ഫാൻ ബേസുണ്ടാക്കി രജനി അവർക്ക് വെല്ലുവിളി ഉയർത്തി. സൗത്ത് ഇന്ത്യയിൽ ആദ്യമായി 100, 200 ക്ലബ്ബുകളില്‍ ഇടം നേടിയതും രജനിയാണ്...
ഒരു താരം എങ്ങനെയാകണം എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് രജനികാന്ത്. 1950ൽ ഒരു സാധാരണ കുടുംബത്തിലായിരുന്നു രജനിയുടെ ജനനം. കുടുംബത്തിലെ നാലാമത്തെ മകന്‍. ബെംഗളൂരുവിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. ബാല്യത്തിലും കൗമാരത്തിലും ഏറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു. മുതിര്‍ന്നപ്പോള്‍ കണ്ടക്ടറായി. അപ്പോഴും ശിവാജി റാവു എന്ന രജനികാന്തിന് സിനിമയായിരുന്നു മനസ് നിറയെ. നാടകങ്ങളിൽ അഭിനയിക്കാൻ ജോലിക്കിടയില്‍ സമയം കണ്ടെത്തി. അങ്ങനെയിരിക്കെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ കോഴ്‌സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ച് കൊണ്ടുള്ള പരസ്യം പത്രങ്ങളിൽ വന്നു. വെള്ളിത്തിരയിൽ മുഖം കാണിക്കുക എന്ന മോഹം ഉള്ളിൽ കൊണ്ടുനടന്ന ശിവാജിയെ ഇതിന് അപേക്ഷിക്കുവാൻ സുഹൃത്തായ രാജ് ബഹാദൂർ നിർബന്ധിച്ചു. 1973 ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ശിവാജിക്ക് രണ്ട് വർഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്‌ത് കൊടുത്തത് രാജ് ബഹാദൂർ തന്നെയായിരുന്നു. 1975ൽ കെ.ബാലചന്ദർ സംവിധാനം ചെയ്‌ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്‍റെ പേര് രജനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്.
ഇതേ വർഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. ബാലചന്ദറിനെയാണ് രജനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്‍റെ വളർച്ചക്ക് ഊർജം പകർന്ന സംവിധായകൻ എസ്.പി. മുത്തുരാമനാണ്. മുത്തുരാമൻ സംവിധാനം ചെയ്‌ത ഭുവന ഒരു കേൾവിക്കുറി എന്ന ചിത്രത്തിലെ വേഷം രജനിയെ ശ്രദ്ധേയനാക്കി. ജെ. മഹേന്ദ്രൻ സംവിധാനം ചെയ്‌ത മുള്ളും മലരും തമിഴ് സിനിമയിൽ രജനിയുടെ സിംഹാസനം ഉറപ്പിച്ചു. മുത്തുരാമന്‍റെ ആറിലിരുന്ത് അറുപതുവരെ ഈ നടന്‍റെ പ്രതിഛായക്ക് മാറ്റുകൂട്ടി. എഴുപതുകളുടെ അവസാന ഘട്ടത്തിൽ കമലഹാസൻ നായകനായ ചിത്രങ്ങളിൽ വില്ലൻ വേഷമായിരുന്നു രജനിക്ക് പതിവായി ലഭിച്ചിരുന്നത്. പതിനാറ് വയതിനിലെ, അവർഗൾ തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 1980കളാണ് രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടമെന്ന് പറയാം. രജനി അഭിനയം നിർത്തുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു. അമിതാഭ് ബച്ചൻ നായകനായ ഡോൺ എന്ന ഹിന്ദി ചിത്രത്തിന്‍റെ റീമേക്കായിരുന്നു ഇത്. നായകൻ എന്ന നിലയിൽ തമിഴകം അംഗീകരിച്ച രജനിയുടെ ഹിറ്റ് ചിത്രങ്ങൾ പിന്നീട് ഒന്നിന് പിറകെ ഒന്നായി പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങൾ പ്രദർശനശാലകളിൽ പുതിയ ചരിത്രം കുറിച്ചു.