ഒരു ധിക്കാരിയായ ചെറുപ്പക്കാരന്‍റെ വേഷത്തിലൂടെ മലയാള ചലച്ചിത്രലോകത്തേക്ക് കടന്നു വന്ന നടൻ സുകുമാരൻ. 23 വർഷങ്ങൾക്ക് മുമ്പ് തങ്ങളെ വിട്ടു പോയ സ്‌നേഹത്തിനെ അനുസ്‌മരിച്ച് മക്കളും മരുമക്കളും. ഇന്ന് സുകുമാരന്‍റെ 23-ാം ഓർമദിനത്തിൽ മകൻ ഇന്ദ്രജിത്ത് സുകുമാരൻ കുറിച്ചത് "23 വർഷങ്ങൾ... എപ്പോഴും മിസ് ചെയ്യുന്നു" എന്നാണ്. ഒപ്പം ഓർമകളിൽ എന്നും മായാതെ 23 വർഷങ്ങൾ എന്നെഴുതിയ ചിത്രവും ഇന്ദ്രജിത്ത് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു.
എപ്പോഴും മിസ് ചെയ്യുന്നു എന്ന് എഴുതി ഇളയ മകൻ പൃഥ്വിരാജും തന്‍റെ ഓർമകൾ ആരാധകരുമായി പങ്കുവെച്ചു. അച്ഛന് അഭിമാനമാകാൻ തനിക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്നതായും പൃഥ്വിരാജ് ഫേസ്‌ബുക്കിൽ പങ്കുവെച്ച പഴയകാല ചിത്രത്തിന് ഒപ്പം കുറിച്ചു.
"23 വർഷങ്ങൾ, അച്ഛൻ, ഞങ്ങൾക്ക് മേൽ ഇപ്പോഴും കരുതലായി നിൽക്കുന്നതിന് നന്ദി. ശരിക്കും അനുഗ്രഹീതനായി" എന്ന് പൂർണിമാ ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിൽ എഴുതി.
"അച്ഛൻ, എന്‍റെ കൂടെ താമസിക്കുന്ന ആളിൽ ഞാൻ എന്നും താങ്കളുടെ ഒരു ഭാഗം കാണാറുണ്ട്. അവൻ നിങ്ങളെ പോലെയാണെന്നും നിങ്ങളെപ്പോലെ പെരുമാറുന്നുവെന്നും നിങ്ങളുടെ കോപം അതുപോലെ കിട്ടിയിട്ടുണ്ടെന്നും അവർ പറയുന്നു. ഈ സാമ്യതകൾ എനിക്കും അല്ലിക്കും നേരിട്ടു കാണണമെന്ന് ഉണ്ടായിരുന്നു. നിങ്ങളെ എപ്പോഴും സ്‌നേഹത്തോടെ ഓർക്കും, അച്ഛാ," പൃഥ്വിരാജിന്‍റെ ഭാര്യ കുറിച്ച വാക്കുകൾ. പൃഥ്വിയുമായി സാമ്യം വരുന്ന പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുപ്രിയ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത്.
1973ൽ നിർമാല്യം എന്ന ചിത്രത്തിലൂടെയാണ് സുകുമാരൻ സിനിമ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കോളജ് അധ്യാപകനായി സേവനമനുഷ്ഠിക്കുമ്പോഴാണ് എം.ടി വാസുദേവൻ നായരുടെ നിർമാല്യത്തിലെ അപ്പു വേഷം അദ്ദേഹത്തിന് ലഭിക്കുന്നത്. പിന്നീട്, കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും 1977ൽ പുറത്തിറക്കിയ ശംഖുമുഖത്തിലൂടെ ഗംഭീരമായ വേഷവുമായി തിരിച്ചെത്തി. പിന്നീട്, നിരവധി സിനിമകളിൽ ക്ഷോഭിക്കുന്ന യൗവ്വനമായി സുകുമാരൻ തിളങ്ങി. അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് ഡയലോഗുകളും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ബന്ധനം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1978 ഒക്ടോബർ 17ന് സുകുമാരനും മലയാള നടി മല്ലിക സുകുമാരനും തമ്മിൽ വിവാഹിതരായി. 1997 ജൂണിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസത്തിന് ശേഷം സുകുമാരൻ അന്തരിച്ചു.