സൂഫിയും സുജാതയും ചിത്രത്തിലെ സൂഫിയെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കൊവിഡിനെ തുടർന്ന് തിയേറ്ററുകൾ അടച്ചു പൂട്ടിയ സാഹചര്യത്തിൽ നേരിട്ട് ഒടിടി റിലീസിനെത്തിയ സൂഫിയും സുജാതയും ദേവ് മോഹൻ എന്ന പുതുമുഖതാരത്തിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. കഥാപാത്രത്തിന് വേണ്ടി സൂഫി നൃത്തം പരിശീലിച്ച് അവതരിപ്പിച്ച ദേവ് മോഹന്‍റെ പ്രകടനത്തിന് ഗംഭീരപ്രതികരണം ലഭിച്ചു. ഒപ്പം, നടന്‍റെ പുതിയ സിനിമകളെ കുറിച്ചറിയാനും ആരാധകർ ആകാംക്ഷയിലായിരുന്നു.
ഉറുമ്പുകള്‍ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ സിനിമകൾ സംവിധാനം ചെയ്ത ജിജു അശോകൻ ഒരുക്കുന്ന 'പുള്ളി' എന്ന ചിത്രത്തിലാണ് ദേവ് മോഹൻ പുതിയതായി അഭിനയിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകൻ. കമലം ഫിലിംസിന്‍റെ ബാനറിൽ റ്റി.ബി രഘുനാഥൻ പുള്ളി എന്ന ചിത്രം നിർമിക്കുന്നു. അടുത്ത മാസം പതിനഞ്ചിന് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കും.