ഗന്ധർവ കഥാകാരനും ഭരത സംവിധാനവും. മലയാള സിനിമയുടെ ഏറ്റവും സർഗാത്മകമായ കൂട്ടുകെട്ട്. ആദ്യ സിനിമാ സംവിധാനത്തിനായി സ്വന്തം സമ്പാദ്യത്തിൽ നിന്നും നിർമാതാവിന്‍റെ കുപ്പായം ഭരതൻ എടുത്തണിഞ്ഞപ്പോൾ കാമ്പുള്ള കഥയുമായി പത്‌മരാജനും ഒപ്പം ചേർന്നു. അരങ്ങേറ്റം അതിഗംഭീരം. "പ്രയാണം" എന്ന ചിത്രം അക്ഷരാർഥത്തില്‍ മലയാള സിനിമയുടെ പുതിയ പ്രയാണം തന്നെയായിരുന്നു. മലയാളിയുടെ ഹൃദയത്തിലേക്കാണ് സംസ്ഥാന പുരസ്‌കാരങ്ങൾക്കൊപ്പം പ്രയാണം യാത്രയായത്.
സ്വപ്‌നങ്ങളും ഭാവങ്ങളും പ്രണയവും ചാലിച്ച് പപ്പേട്ടന്‍റെ തൂലിക പടർന്നു കയറിയപ്പോൾ വർണങ്ങൾ ചാലിച്ച ദൃശ്യങ്ങളുമായി ഭരതൻ ഒപ്പം നിന്നു. കലാമൂല്യത്തിനും വാണിജ്യ വിജയത്തിനും ഒരു പോലെ പ്രാധാന്യം. രതിനിർവേദം, തകര, ലോറി, ഈണം, ഒഴിവുകാലം മികച്ച സംവിധാന- തിരക്കഥാ കൂട്ടുകെട്ടായി ഇരുവരും മാറി. പത്‌മരാജൻ തിരക്കഥയും ഭരതൻ സംവിധാനവും നിർവഹിച്ച് ആറു സിനിമകൾ പുറത്തിറങ്ങി.
പ്രയാണം
രതിയുടെ ഗൂഢസൗന്ദര്യവും പറയാത്ത കഥകളുമാണ് പത്‌മരാജൻ പ്രയാണത്തിലെ വാക്കുകളായി സൂക്ഷിച്ചിരുന്നത്. ഭരതൻ ഒരു ചിത്രകാരന്‍റെ മനസ്സിലൂടെ അവയെ കാമറയുടെ കണ്ണുകളിലൂടെ പ്രേക്ഷകനിലേക്ക് പകർന്നു. 1975ൽ റിലീസിനെത്തിയ പ്രയാണത്തിൽ കൊട്ടാരക്കര ശ്രീധരൻ നായർ, മോഹൻ ശർമ, നന്ദിതാ ബോസ്, മാസ്റ്റർ രഘു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എഴുപതുകളിലെ നമ്പൂതിരി സമുദായത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുറന്നുകാട്ടിയ പ്രയാണം മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം ഭരതന് സമ്മാനിച്ചു. ചിത്രം തമിഴിലേക്ക് സാവിത്രിയെന്ന പേരിൽ റീമേക്ക് ചെയ്‌തെങ്കിലും പ്രതീക്ഷിച്ച വിജയം കണ്ടില്ല.
രതിനിർവേദം
1978ൽ ഭരതന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രതിനിർവേദത്തിന്‍റെ രചനയും പപ്പേട്ടനായിരുന്നു. പത്‌മരാജന്‍റെ ഇതേ പേരിലുള്ള നോവലിൽ നിന്നാണ് അദ്ദേഹം ചലച്ചിത്രരൂപത്തിലേക്ക് കഥ സ്വീകരിച്ചത്. കൗമാരക്കാരനായ അപ്പുവിന് യുവതിയായ രതിയോട് തോന്നുന്ന അനുരാഗം, ജയഭാരതിയിലൂടെയും കൃഷ്‌ണചന്ദ്രനിലൂടെയും ഭരതൻ വിവരിച്ചു. അന്നുവരെ സിനിമയിൽ പ്രയോഗിക്കാത്ത കഥാതന്തുവും അവതരണവുമാണ് ഇരുവരും ധൈര്യത്തോടെ അഭ്രപാളിയിലേക്ക് പകർത്തിയത്. അങ്ങനെ വിപ്ലവം സൃഷ്‌ടിച്ച രതിനിർവേദം അഭിനയമികവിലൂടെയും അവതരണത്തിലെ ഒഴുക്കിലൂടെയും പുതിയ നിർവചനങ്ങൾ എഴുതി. 2011ൽ ഭരതൻ ചിത്രത്തെ ടി.കെ രാജീവ് കുമാർ പുനഃസൃഷ്‌ടിച്ചിരുന്നു. പക്ഷേ തീയേറ്ററില്‍ ചിത്രം പരാജയപ്പെട്ടു.
തകര