പിയത്ത, സ്പ്രിങ്, സമ്മർ, ഫാൾ, വിന്‍റർ എന്നിവ പോലയുള്ള ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ ഹരമായിരുന്നു കിം കി ഡുക്. മാറിമറിയുന്ന മനുഷ്യജീവിത ഭാവങ്ങളെ കിം തന്‍റെ ചിത്രങ്ങളിലൂടെ ആവിഷ്‌കരിച്ചു. നിഷ്‌കളങ്കത, ഹിംസ, കാമം, സ്വാർഥത, പശ്ചാത്താപം എന്നിങ്ങനെ ഒരു മനുഷ്യന്‍റെ എല്ലാ ഭാവങ്ങളും കിമ്മിന്‍റെ സിനിമകളിലൂടെ ആസ്വാദകനിലേക്ക് എത്തി. വ്യക്തിപരമായ മാനസിക സംഘർഷങ്ങളുടെയും പച്ചയായ ജീവിതയാഥാർഥ്യങ്ങളുടെയും കൂടിച്ചേരലായിരുന്നു അദ്ദേഹത്തിന്‍റെ മിക്ക സിനിമകളും. ലോകപ്രശസ്‌ത ചലച്ചിത്രോത്സവങ്ങളായ കാനിലും ബെര്‍ലിനിലും വെനീസിലും അടക്കം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന്‍റെ ജീവിതം നാടകീയത നിറഞ്ഞതായിരുന്നു.
തെക്കന്‍ കൊറിയയിലെ വടക്കന്‍ ഗ്യോങ്സാങ് പ്രൊവിന്‍സിലെ ബോംഘ്‍വയില്‍ ജനിച്ച കിം കി ഡുക്ക് ബാല്യ കൗമാരങ്ങളില്‍ സിനിമ കണ്ടിട്ടില്ലാത്ത ആളായിരുന്നു. അരക്ഷിതത്വം നിറഞ്ഞ ജീവിതത്തിന്‍റെ ആദ്യകാലം തല്ലും പിടിയും നിറഞ്ഞതായിരുന്നെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ജീവിതത്തിന് ഒരു മാറ്റം വേണമെന്നാഗ്രഹിച്ച് ചിത്രകലയില്‍ തല്‍പ്പരനായിരുന്ന കിം കി ഡുക്ക് പാരീസിലേക്ക് പോവുകയായിരുന്നു. അവിടെവച്ചാണ് ജീവിതത്തില്‍ ആദ്യമായി സിനിമ എന്ന കല അദ്ദേഹം കാണുന്നത്. പിന്നീട് ദക്ഷിണ കൊറിയയിൽ തിരിച്ചെത്തിയ അദ്ദേഹം തിരക്കഥാ രചയിതാവായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു. 1995ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുക്കിന്‍റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വഴിത്തിരിവായി. തൊട്ടടുത്ത വർഷം ക്രോക്കോഡൈൽ എന്ന കന്നിച്ചിത്രം കുറഞ്ഞ ചെലവിൽ അദ്ദേഹം പുറത്തിറക്കി. ആ ചിത്രത്തിന് ദക്ഷിണ കൊറിയയിലെ ചലച്ചിത്ര നിരൂപകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിച്ചു. 2004ൽ കിം കി ഡുക്ക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങൾക്ക് അർഹനായി. 'സമരിറ്റൻ ഗേൾ' എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ2കാരവും 'ത്രീ-അയേൺ' എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും.
വ്യക്തിപരമായ മാനസിക സംഘർഷങ്ങളുടെയും പച്ചയായ ജീവിതയാഥാർഥ്യങ്ങളുടെയും കൂടിച്ചേരലായിരുന്നു കിം കി ഡുക്കിന്‍റെ മിക്ക സിനിമകളും സ്പ്രിങ് സമ്മർ ഫാൾ വിൻർ ആന്‍റ് സ്പ്രിങ് (2003), വൈൽഡ് ആനിമൽസ് (1996) ബ്രിഡ്കേജ് ഇൻ (1998), റിയൽ ഫിക്ഷൻ (2000), ദെ ഐസ്ൽ (2000), അഡ്രസ് അൺനോൺ (2001), ബാഡ് ഗയ് (2001), ദി കോസ്റ്റ് ഗാർഡ് (2002), ദി ബോ (2005), ബ്രീത്ത് (2007), ഡ്രീം (2008), പിയാത്ത (2012), മോബിയസ് (2013), തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. മനുഷ്യന്‍ എന്നത് ഒരു 'ഹിംസാത്മക ജീവി'യാണെന്നാണ് തന്‍റെ ചിത്രങ്ങളിലൂടെ കിം കി ഡുക്ക് പറഞ്ഞുവെച്ചത്. ആന്തരികമായ ഭീതി മൂലം സാമൂഹിക ക്രമങ്ങളോട് ഒത്തുപോവാന്‍ ഉള്ളിലുള്ള ഈ ഹിംസയെ തടഞ്ഞുനിര്‍ത്തുക മാത്രമാണ് മനുഷ്യന്‍ ചെയ്യുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. ഹിംസാത്മകമായ രംഗങ്ങളും നിറയെ ബ്ലാക്ക് ഹ്യൂമറും നിറഞ്ഞതായിരുന്നു കിം കി ഡുക്ക് ചിത്രങ്ങള്‍. പക്ഷെ അവയ്ക്ക് സൗത്ത് കൊറിയയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. പക്ഷേ അന്തര്‍ദേശീയ ഫെസ്റ്റിവലുകളില്‍ അവയ്ക്ക് വേഗത്തില്‍ സ്വീകാര്യത ലഭിച്ചു.
ക്രോക്കോഡൈൽ കന്നിച്ചിത്രം കിം കി ഡുക്കിന്‍റെ പേര് മലയാളിക്ക് സുപരിചിതമാകുന്നത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലൂടെയാണ്. മലയാളികൾ ഇത്രയേറെ നെഞ്ചിലേറ്റിയ മറ്റൊരു വിദേശ സംവിധായകൻ ഉണ്ടാകില്ല. കി കി ഡുക്കിന്‍റെ സിനിമകള്‍ക്ക് കൊറിയയില്‍ പോലും കേരളത്തിലുള്ളത്ര ആരാധകര്‍ ഉണ്ടാകില്ല... 2005ലെ ഐഎഫ്എഫ്കെയിലാണ് മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറായ ബീനാ പോൾ ഒരു റെട്രോസ്‌പെക്റ്റീവ് സെക്ഷനിലൂടെ കിം കി ഡുക്കിനെ കേരളത്തിന് പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള പ്രേക്ഷക സമൂഹത്തിനിടയിലേക്ക് കിം കി ഡുക്ക് വന്നിട്ടുമുണ്ട്. 2013ല്‍ മോബിയസ് എന്ന ചിത്രവുമായാണ് കിം എത്തിയത്. തലസ്ഥാനത്തെത്തിയ കിമ്മിനെ സിനിമാ പ്രേക്ഷകര്‍ ആരാധന കൊണ്ട് വീര്‍പ്പുമുട്ടിച്ചു. കിമ്മിന്‍റെ രണ്ട് ചിത്രങ്ങള്‍ കൊറിയയില്‍ നിന്നുമുള്ള ഓസ്‌കര്‍ നോമിനേഷനായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2013ല്‍ മോബിയസ് എന്ന ചിത്രവുമായി കിം കി ഡുക്ക് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെത്തി ആഗോള രോഗാവസ്ഥ ഇല്ലായിരുന്നുവെങ്കിൽ ഐഎഫ്എഫ്കെ 2020ല്‍ ഈ ഡിസംബർ മാസം പുതിയ ചിത്രവുമായി കിം കി ഡുക്ക് എത്തുമായിരുന്നു. മലയാളിക്ക് സിനിമാ മേളയില്ലാത്ത ഈ ഡിസംബറിൽ അദ്ദേഹം കാലയവനികയ്‌ക്ക് പിന്നിലേക്ക് മറയുന്നു... മറഡോണയെപ്പോലെ മലയാളിയുടെ ജീവിതത്തിന്‍റെ ഭാഗമായ ഒരാൾ കൂടി... വിട... കിം കി ഡുക്ക്...