തിയേറ്റര്‍ അനുഭവം നഷ്ടമായതിന്‍റെ സങ്കടമാണ് സൂരരൈ പോട്ര് കണ്ട ഓരോ ആസ്വാദകനും പങ്കുവെക്കുന്നത്. അടുത്തകാലത്ത് ഇറങ്ങിയ മികച്ച സിനിമകളില്‍ ഒന്നാണ് സുധ കൊങ്ങര, സൂര്യ, അപര്‍ണ ബാലമുരളി കൂട്ടുകെട്ടില്‍ പിറന്ന സൂരരൈ പോട്ര്. എയർ ഡെക്കാൻ എന്ന ലോ ബജറ്റ് എയർലൈൻസ് സ്ഥാപകനായ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്‍റെ സിംപ്ലി ഫ്ലൈ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സുധ കൊങ്ങര സൂരരൈ പോട്ര് തയ്യാറാക്കിയിരിക്കുന്നത്. തുച്ഛമായ വിലയിൽ സാധരണക്കാരനും വിമാനത്തിൽ സഞ്ചരിക്കാനാകണം എന്ന ലക്ഷ്യത്തോടെ നെടുമാരൻ രാജാംഗം എന്ന സൂര്യയുടെ കഥാപാത്രം എയർ ഫോഴ്‌സിൽ നിന്നും വിരമിച്ച് സ്വന്തമായി എയർലൈൻസ് ആരംഭിക്കാൻ ശ്രമിക്കുന്നതും അതിലെ പ്രയാസങ്ങളുമൊക്കെയാണ് സൂരരൈ പോട്ര്.
സ്വപ്നങ്ങളെ പിന്തുടരാൻ കാഴ്ച്ചക്കാർക്ക് പ്രേരണ നല്‍കുന്ന ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ യുവ താരങ്ങള്‍. 'സൂര്യയുടെ മാരനെ ഇതിലും മികച്ചതാക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്നാണ് മലയാളത്തിന്‍റെ യുവ നടന്‍ ഷെയ്ന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചത്. 'ഒരുപാട് കാലത്തിന് ശേഷമാണ് ഇതുപോലൊരു മികച്ച സിനിമ കാണുന്നത്. ഇതിലെ എല്ലാം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. മാരന്‍ എന്ന കഥാപാത്രത്തെ ഇതിലും മികച്ചതാക്കാന്‍ മറ്റൊരാളെ കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. സൂര്യ സര്‍, നിങ്ങളത് വളരെ അനായാസമായി ചെയ്‌തു. അപര്‍ണ ബാലമുരളിയുടെ കഥാപാത്രത്തെ കണ്ട് അഭിമാനം തോന്നി. ഉര്‍വ്വശി മാമിനേയും പ്രത്യേകം എടുത്തുപറയട്ടെ, അനുഗ്രഹം ലഭിച്ച വ്യക്തിയാണ് നിങ്ങള്‍. എല്ലാറ്റിനുമുപരിയായി സുധ കൊങ്ങര മാം... ഇത് നിങ്ങളുടെ മാസ്റ്റര്‍ പീസാണ്. പടം കണ്ടുകഴിഞ്ഞപ്പോള്‍ തിയേറ്ററില്‍ കാണാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി' ഷെയ്ന്‍ കുറിച്ചു.
'സൂര്യയുടെ മികച്ച പ്രകടനമാണ് സൂരരൈ പോട്രിലുള്ളത്, താങ്കളില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്' എന്നാണ് തെലുങ്ക് യുവതാരം സായ് ധരണ്‍ തേജ് സിനിമ കണ്ടശേഷം കുറിച്ചത്. നേരത്തെ ഐശ്വര്യ ലക്ഷ്മിയും സൂരരൈ പോട്രിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സൂരരൈ പോട്ര് ഒരു പുതിയ അനുഭവമാണെന്നും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഹൃദയം തൊടുന്നതാണെന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനും ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.