കൊവിഡ് എന്ന ഇരുട്ടിലേക്ക് വെളിച്ചം പകർത്തുന്നു എന്നതിന് പ്രതീകമായി ഇന്ന് രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് നേരം വൈദ്യുത വിളക്കുകള്‍ ഓഫ് ചെയ്‌ത് ദീപമോ മെഴുകുതിരിയോ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ഇതിനെതിരെ പരിഹസിച്ചും പ്രതികരിച്ചും നിരവധി ട്രോളുകളും കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുമുണ്ട്. എന്നാൽ, പ്രധാനമന്ത്രി അഭ്യർഥിച്ചത് പോലെ ഐക്യ ദീപം തെളിയിക്കുന്ന ചടങ്ങിൽ എല്ലാവരും പങ്കാളികൾ ആകണമെന്നും ഇതിനെ പിന്തുണക്കണമെന്നും അറിയിക്കുകയാണ് മമ്മൂട്ടി, മോഹൻലാൽ, അമിതാഭ് ബച്ചൻ, രാം ചരൺ, ചിരഞ്ജീവി, നാഗാർജുന തുടങ്ങിയ താരങ്ങൾ.
"മഹാവിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ് നമ്മൾ. ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഈ മഹാസംരഭത്തിൽ, എല്ലാവരും വീടിന് മുന്നിൽ വിളക്ക് കൊളുത്തി പങ്കുചേരണം," എന്നാണ് മമ്മൂട്ടി അഭ്യർഥിച്ചത്. ഇത്തരമൊരു സാഹചര്യത്തിൽ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട ആവശ്യകത വിശദീകരിച്ച സൂപ്പർസ്റ്റാറിന് നന്ദി അറിയിച്ച് നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
രാജ്യം കൊവിഡെന്ന മഹാമാരിക്കെതിരെ ശാന്തമായി പോരാടുകയാണെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തത് പ്രകാരം എല്ലാവരും വീടിന് മുമ്പിൽ ദീപങ്ങൾ കൊളുത്തണമെന്നും മോഹൻലാൽ വ്യക്തമാക്കി.