അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിലും ഓസ്‌കറിലേക്ക് മത്സരിക്കാനും രാജ്യം കടന്നും യാത്ര തുടരുകയാണ് സൂര്യയുടെ സൂരരൈ പോട്ര്. കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾക്ക് നഷ്‌ടമായ തമിഴ് ചലച്ചിത്രം ആമസോൺ പ്രൈമിൽ നേരിട്ട് റിലീസ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം നവംബർ 22നായിരുന്നു സൂരരൈ പോട്ര് ഒടിടി റിലീസായി പ്രദർശനം തുടങ്ങിയത്. മുൻ എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രം പുതിയ റെക്കോഡ് സൃഷ്‌ടിക്കുകയാണ്. ആമസോൺ പ്രൈം ചരിത്രത്തിൽ ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം ആളുകൾ കണ്ട പ്രാദേശിക ഭാഷാ ചിത്രമെന്ന ഖ്യാതിയാണ് സൂര്യ ചിത്രം കൈവരിച്ചത്.
ആമസോൺ പ്രൈമിൽ ചരിത്രം കുറിച്ച പ്രാദേശിക ചിത്രം; സൂരരൈ പോട്ര് - surya aparna balamurali news latest
നെടുമാരനെയും ബൊമ്മിയെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ, ആമസോൺ പ്രൈമിൽ ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം ആളുകൾ കണ്ട പ്രാദേശിക ഭാഷാ ചിത്രവും സൂരരൈ പോട്രാണ്.
ക്യാപ്റ്റൻ ജി.ആര്‍ ഗോപിനാഥിന്‍റെ പ്രതീകമായി നെടുമാരൻ എന്ന നായകകഥാപാത്രത്തെ തിരശ്ശീലയിൽ അവതരിപ്പിച്ചത് ചിത്രത്തിന്‍റെ നിർമാതാവ് കൂടിയായ നടൻ സൂര്യയാണ്. നെടുമാരന്‍റെ ഭാര്യ ബൊമ്മിയെ മലയാളിതാരം അപർണ ബാലമുരളി ഗംഭീരമാക്കി. ഒപ്പം, ഉർവശിയുടെ അമ്മ വേഷവും വൈകാരിക മുഹൂർത്തങ്ങളും പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളായിരുന്നു.
മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച സംഗീത സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നീ വിഭാഗങ്ങളിൽ അക്കാദമി പുരസ്‌കാരത്തിന് മത്സരിക്കുന്ന തമിഴ് ചിത്രം ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.