വിയോജിപ്പുകളെയും എതിർപ്പുകളെയും ആക്ഷേപങ്ങളിലൂടെയും പരസ്‌പര ശകാരങ്ങളിലൂടെയും ചെറുക്കുന്ന പ്രവണത സമൂഹമാധ്യമങ്ങളിൽ വർധിച്ചുവരികയാണ്. ഇതനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാർ. പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങളാണ് ആവശ്യമെന്നും, തെറിവിളികളും ബഹളം വയ്ക്കലുകളും എങ്ങനെയാണ് സഹിഷ്ണുതയുടെ അടയാളമാകുന്നതെന്നും ഗായിക ചോദിച്ചു. നല്ല സംവാദത്തിനുള്ള താക്കോൽ പരസ്‌പര ബഹുമാനത്തോടെയുള്ള സൗഹൃദമാണെന്നും, ശബ്‌ദമല്ല വാക്കുകളാണ് ഉയർത്തേണ്ടതെന്നും സിതാര പറഞ്ഞു. എന്‍റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട് നിങ്ങൾ എനിക്ക് പ്രിയപെട്ടവരാകുന്നില്ലെന്നും ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ലെന്നും സിതാര പോസ്റ്റിൽ വിശദീകരിച്ചു.
Also Read: ലക്ഷദ്വീപ് ഭരണ പരിഷ്കാരത്തിനെതിരെ ഹരിശ്രീ അശോകനും സിതാരയും
സിതാര ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ്
"വിഷയം ഏതുമാവട്ടെ രാഷ്ട്രീയമോ, സിനിമയോ, സംഗീതമോ, ഭക്ഷണമോ, എന്തും!!.....അഭിപ്രായ വത്യാസങ്ങൾ സ്വാഭാവികമാണ്! പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങൾ ആണ് നമുക്കാവശ്യം!! പരസ്പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും എങ്ങനെയാണ് സഹിഷ്ണുതയുള്ള ഒരു ജനതയുടെ അടയാളമാവുന്നത്!!! ഒരാൾക്ക് എന്‍റെ അഭിപ്രായങ്ങളോട് എതിർപ്പുണ്ട് എന്ന് കരുതുക, അയാൾ പരസ്യമായി വികൃതമായ ഭാഷയിൽ പ്രതികരിക്കുന്നു!! അയാളെ എതിർക്കാനായി അതിലും മോശം ഭാഷയിൽ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിർലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടർ!! നിങ്ങൾ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ്!! എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, നിങ്ങൾ എനിക്ക് പ്രിയപെട്ടവരാകുന്നില്ല!! ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല!! നമുക്ക് ആശയപരമായി സംവദിക്കാം!!!" സിതാര കൃഷ്ണകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.