കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്‍റല്‍ കോളജ് വിദ്യാര്‍ഥി മാനസയുടെ സംഭവത്തിൽ പ്രതികരിച്ച് ഗായിക സിതാര കൃഷ്‌ണകുമാർ. നോ എന്ന വാക്കിനര്‍ഥം നോ എന്നാണെന്നും അത് ആര് ആരോട് പറയുന്നു എപ്പോള്‍ പറയുന്നു എന്നതിൽ പ്രസക്തിയില്ലെന്നും സിതാര ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
അത് അമ്മയോടെ ഭർത്താവിനോടോ അച്ഛനോടോ മകനോടോ സഹോദരങ്ങളോടോ പ്രണയിതാവിനോടോ സുഹൃത്തിനോടോ അങ്ങനെ ആരോട് പറഞ്ഞാലും നോ എന്ന വാക്കിന് അർഥം നോ എന്ന് തന്നെയാണ്. നോ പറയുന്നത് സ്വീകരിക്കുന്നതില്‍ നാണക്കേടിന്‍റെ ആവശ്യമില്ലെന്നും ഗായിക വിശദമാക്കി.
പ്രണയാഭ്യർഥന നിരസിച്ചതിലെ അമർഷത്തിൽ മാനസയെ വെടിവെച്ച് കൊന്ന രാഖിലിന്‍റെ മനോഭാവത്തിന് എതിരെയാണ് സിതാര പ്രതികരിച്ചത്.
സിതാരയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്
'നോ എന്നാൽ നോ എന്ന് തന്നെയാണ്. ഇത് ആര് ആരോട് പറയുന്നു എന്നതിൽ പ്രസക്തിയില്ല. ഒരു മകള്‍ അമ്മയോടോ, ഒരു അച്ഛന്‍ മകനോടോ, ഒരു ഭാര്യ ഭര്‍ത്താവിനോടോ, ഒരു സഹോദരന്‍ സഹോദരിയോടോ, ഒരു പ്രണയിതാവ് മറ്റൊരു പ്രണയിതാവിനോടോ, ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനോടോ പറഞ്ഞോട്ടേ. നോ എന്നതിന് അർഥം നോ എന്നാണ്.
ആയിരം യെസ് പറഞ്ഞതിന് ശേഷം നോ പറയുന്നതിലും പ്രശ്‌നമില്ല. നോ പറയുന്നത് സ്വീകരിക്കുന്നതില്‍ നാണക്കേടിന്‍റെ ആവശ്യമില്ല. അതിന്‍റെ കാരണമോ, സാഹചര്യമോ ഒന്നും അവിടെ പ്രധാനമല്ല.
Also Read: ഇടതുകാലിന്‍റെ ലിഗമെന്‍റ് പൊട്ടി, ഓപ്പറേഷന്‍ ചെയ്‍താൽ ഇനിയും എന്‍റെ കാല് ചെറുതാകും: മമ്മൂട്ടി
നോ പറഞ്ഞതിന് ശേഷം വിശദീകരണത്തിന്‍റെയും, മനസിലാക്കലിന്‍റെയും നിര്‍ബന്ധത്തിന്‍റെയും തെറ്റിദ്ധരിപ്പിക്കലിന്‍റെയും ഒന്നും ആവശ്യമില്ല. അങ്ങനെ ചെയ്‌താൽ അത് വിഷമാകും. പിന്നീട് ആരെയെങ്കിലും മാനസികമായോ ശാരീരികമായോ വേദനിപ്പിക്കുന്നത് തെറ്റല്ലെന്ന് തോന്നാം. അങ്ങനെ ഒരു ദിവസം ആരെയെങ്കിലും കൊല്ലുന്നതും നിങ്ങള്‍ക്ക് ശരിയായി തോന്നും,' എന്ന് സിതാര കുറിച്ചു.
മാനസമർഡർ എന്ന ടാഗുൾപ്പടെയാണ് സിതാര ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചത്.