കേരളം

kerala

ETV Bharat / sitara

82ന്‍റെ നിറവില്‍ 'നാദവിസ്മയം' - singer s.janaki

2017 ഒക്ടോബര്‍ 28ന് മൈസൂര്‍ മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി സിനിമയിലും പൊതുവേദിയിലും പാടുന്നത് ജാനകിയമ്മ അവസാനിപ്പിച്ചു

singer s.janaki birthday special story  എസ്.ജാനകി പിറന്നാള്‍  എസ്.ജാനകി ഗാനങ്ങള്‍  എസ്.ജാനകി പാട്ടുകള്‍  എസ്.ജാനകി മലയാള ഗാനങ്ങള്‍  singer s.janaki  singer s.janaki birthday
82ന്‍റെ നിറവില്‍ 'നാദവിസ്മയം'

By

Published : Apr 23, 2020, 11:17 AM IST

'സ്വര്‍ണ മുകിലേ... സ്വര്‍ണ മുകിലേ... സ്വപ്നം കാണാറുണ്ടോ...നീയും...'

ഉച്ചാരണ പിശകുകൾക്ക് അവസരം കൊടുക്കാതെ വാക്കുകൾ ഹൃദിസ്ഥമാക്കി ആസ്വാദകരുടെ അന്തരംഗങ്ങളെ സ്പര്‍ശിച്ച് പാടുന്ന തെന്നിന്ത്യയുടെ സ്വന്തം വാനമ്പാടി ജാനകിയമ്മ എണ്‍പത്തിരണ്ടിന്‍റെ നിറവില്‍.

ഇത്രയും കാലത്തിനിടയില്‍ പതിനെട്ട് ഭാഷകളിലായി ഇരുപതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള എസ്.ജാനകിക്ക് നാലുതവണയാണ് ഏറ്റവും നല്ല പിന്നണി ഗായികക്കുള്ള ദേശീയപുരസ്കാരം ലഭിച്ചത്. 1938ൽ ഗുണ്ടൂർ ജില്ലയിലെ പള്ളപട്ടലയിൽ സിസ്തല ശ്രീരാമമൂർത്തിയുടെയും സത്യവതിയുടെയും മകളായിട്ടായിരുന്നു ജനനം. നന്നേ ചെറുപ്പത്തിലെ സംഗീതവാസന പ്രകടിപ്പിച്ചിരുന്നുവെങ്കിലും വേണ്ട രീതിയില്‍ സംഗീതവിദ്യാഭ്യാസം ജനകിയമ്മക്ക് ലഭിച്ചിട്ടില്ല. ജാനകിയുടെ സംഗീത വാസന വളര്‍ത്തുന്നതില്‍ അമ്മാവന്‍ ഡോ. ചന്ദ്രശേഖര്‍ നിര്‍ണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം സംഗീത പഠനത്തിനായി പില്‍ക്കാലത്ത്‌ ജാനകിയമ്മ മദ്രാസിലെത്തി. ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഗാനമത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌ ജാനകി എന്ന പേര് ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. വൈകാതെ മദ്രാസിലെ എവിഎം സ്റ്റുഡിയോയില്‍ ജോലിയും ലഭിച്ചു.

1957ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ വർഷം തന്നെ അഞ്ച് ഭാഷാ ചിത്രങ്ങളിൽ പാടി. തമിഴിലായിരുന്നു തുടക്കം. തെലുങ്ക്‌ ചിത്രമായ എംഎല്‍എല്‍ അവസരം ലഭിച്ചതിനുശേഷം ഹിറ്റുകളുടെ മഴയായിരുന്നു. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകള്‍ ഹൃദയത്തില്‍ സ്വീകരിച്ചു. 1200 അധികം മലയാള സിനിമാ ഗാനങ്ങള്‍ക്ക് ജാനകി ശബ്ദം പകര്‍ന്നു. ഇതില്‍ പല ഗാനങ്ങളും ഇന്നും ജനങ്ങള്‍ മൂളിനടക്കുന്നു. സംഗീത സംവിധായകന്‍ എം.എസ് ബാബുരാജാണ് ജാനകിയമ്മയെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്. കുട്ടികളുടെ സ്വരത്തില്‍ പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ അതുല്യപ്രതിഭക്കുണ്ടായിരുന്നു. 2017 ഒക്ടോബര്‍ 28ന് മൈസൂര്‍ മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി സിനിമയിലും പൊതുവേദിയിലും പാടുന്നത് ജാനകിയമ്മ അവസാനിപ്പിച്ചു.

1976ല്‍ പതിനാറ് വയതിനിലേ എന്ന തമിഴ്‌ ചിത്രത്തിലെ സിന്ദൂര പൂവേ… എന്ന് തുടങ്ങുന്ന ഗാനത്തിനാണ്‌ ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചത്‌. 1980ല്‍ ഓപ്പോള്‍ എന്ന മലയാള ചിത്രത്തിലെ ഏറ്റുമാനൂര്‍ അമ്പലത്തില്‍… എന്ന ഗാനത്തിനും 1984ല്‍ തെലുങ്ക് ചിത്രമായ സിതാരയിലെ വെന്നല്ലോ ഗോദാരി ആനന്ദം… എന്ന് തുടങ്ങുന്ന ഗാനത്തിനും 1992ല്‍ തമിഴ്‌ ചിത്രമായ തേവര്‍ മകനിലെ ഇഞ്ചി ഇടിപ്പഴകാ… എന്ന് തുടങ്ങുന്ന ഗാനത്തിനുമാണ്‌ ദേശീയ അവാര്‍ഡുകള്‍ ലഭിച്ചത്‌. മികച്ച പിന്നണിഗായികക്കുള്ള കേരള സംസ്ഥാന അവാര്‍ഡ്‌ 14 തവണയും തമിഴ്‌നാട്‌ സര്‍ക്കാരിന്‍റെ അവാര്‍ഡ്‌ ഏഴ് തവണയും ആന്ധ്രപ്രദേശ്‌ സര്‍ക്കാരിന്‍റെ അവാര്‍ഡ്‌ പത്ത് തവണയും ലഭിച്ചു. തമിഴ്‌നാട്‌ സര്‍ക്കാരിന്‍റെ കലൈമാമണി പുരസ്‌കാരം 1986ലും സുര്‍ സിങര്‍ അവാര്‍ഡ്‌ 1987ലും കേരളത്തില്‍ നിന്നും സിനിമാ ആര്‍ക്കൈവര്‍ അവാര്‍ഡ്‌ 2002ലും സ്‌പെഷല്‍ ജൂറി സ്വരലയ യേശുദാസ്‌ അവാര്‍ഡ്‌ 2005ലും ലഭിച്ചു. 2013ല്‍ പത്മഭൂഷന്‍ ലഭിച്ചു എന്നാല്‍ ജാനകിയമ്മ അത് നിരസിച്ചു. അവിസ്മരണീയമായ പാട്ടുകള്‍ ഗാനശാഖക്ക് നല്‍കിയ പ്രിയപ്പെട്ട ജാനകിയമ്മക്ക് പിറന്നാള്‍ ആശംസകള്‍...

ABOUT THE AUTHOR

...view details