ലോക്‌ഡൗണിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ സിനിമാതാരങ്ങളും ഷൂട്ടിങ് തിരക്കുകളെല്ലാം മാറ്റിവെച്ച് കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ്. ചിലര്‍ വീഡിയോ കോളിലൂടെയും മറ്റും സൗഹൃദങ്ങള്‍ പുതുക്കിയാണ് സമയം ചിലവഴിക്കുന്നത്. ചിലര്‍ സുഹൃത്തുക്കളുടെ പഴയ ഫോട്ടോകള്‍ കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച് കമന്‍റുകള്‍ ചെയ്യുന്നുമുണ്ട്.
ഇപ്പോള്‍ വൈറലാകുന്നത് ഗായികയും അവതാരകയുമായ റിമി ടോമിയുടെ ഇരുപത് വര്‍ഷം പഴക്കമുള്ള ചിത്രമാണ്. ചിത്രം റിമി തന്നെയാണ് രസകരമായ കുറിപ്പിലൂടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മലയാളത്തിന്‍റെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്‍റെ കൈയ്യില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങുന്ന റിമിയാണ് ചിത്രത്തിലുള്ളത്. പഴയ പത്രത്തില്‍ നിന്നും പകര്‍ത്തിയ ചിത്രം റിമിക്ക് കണ്ടുപിടിച്ച് നല്‍കിയതും ഒരുകാലത്ത് റിമി ഏറെ ആരാധിച്ചിരുന്ന കുഞ്ചാക്കോ ബോബന്‍ തന്നെയാണ്. നിറം സിനിമ റിലീസായ സമയത്ത് പത്രങ്ങളില്‍ വന്ന ഫോട്ടോയാണ് റിമി പങ്കുവെച്ചിട്ടുള്ളത്.