എറണാകുളം: നാല് ഹ്രസ്വ ചിത്രങ്ങളെ സാമാഹരിച്ച് ഹലീത ഷമീം സംവിധാനം ചെയ്ത് 2019 ഡിസംബറില്‍ പുറത്തിറങ്ങിയ സിനിമയാണ് 'സില്ലു കരുപ്പട്ടി'. സിനിമ റിലീസായത് മുതൽ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ടൊറോന്‍റോ രാജ്യാന്തര തമിഴ് ചലച്ചിത്ര മേളയിൽ സിനിമയ്ക്ക് പുരസ്കാരം ലഭിച്ചിരിക്കുകയാണ്. ഈ സന്തോഷ വാര്‍ത്ത സിനിമയുടെ സംവിധായിക ഹലീത ഷമീം ട്വിറ്ററിലൂടെ പങ്കുവെച്ചു. 'ചലച്ചിത്ര മേളകളിൽ നിന്ന് ഇത്തരം വാർത്തകൾ ലഭിക്കുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്' എന്നാണ് ഹലീത കുറിച്ചത്. സിനിമ സെപ്റ്റംബര്‍ 12ന് മേളയില്‍ പ്രദര്‍ശിപ്പിക്കും. വിവിധ പ്രായങ്ങളിലുള്ള നാലുപേരുടെ ജീവിതങ്ങളെ നാല് കഥകളാക്കി സ്നേഹം എന്ന ഒറ്റലക്ഷ്യം മുന്‍നിര്‍ത്തിയാണ് സിനിമ സഞ്ചരിക്കുന്നത്. ആന്തോളജി വിഭാഗത്തില്‍ പെടുന്നതാണ് സില്ലു കരുപ്പെട്ടി.
'സില്ലു കരുപ്പട്ടി'ക്ക് ടൊറോന്‍റോ രാജ്യാന്തര തമിഴ് ചലച്ചിത്ര മേളയിൽ പുരസ്കാരം - Toronto Tamil Film Fest
'സില്ലു കരുപ്പട്ടി' സെപ്റ്റംബര്‍ 12ന് മേളയില്‍ പ്രദര്‍ശിപ്പിക്കും. ആന്തോളജി വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം.

നടനും സംവിധായകനുമായ സമുദ്രക്കനി, സുനൈന, തിരക്കഥാകൃത്തും സംഭാഷണ രചയിതാവുമായ മണികണ്ഠൻ, നടി നിവേദിത സതീഷ്, ലീല സാംസൺ, ക്രവ്മാഗ ശ്രീറാം, ബേബി സാറാ അർജുൻ, രാഹുൽ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പിങ്ക് ബാഗ്, കാക്കാ കടി, ടർട്ടിൽസ്, ഹേയ് അമ്മു എന്നിങ്ങനെയുള്ള ഈ സിനിമാ സമാഹാരത്തിലെ നാല് ഹ്രസ്വ ചിത്രങ്ങൾക്കും അഭിനന്ദൻ രാമനുജം, മനോജ് പരഹംസ, വിജയ് കാർത്തിക് കണ്ണൻ, യാമിനി യഗ്നമൂർത്തി തുടങ്ങിയവരാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രദീപ് കുമാറാണ് സംഗീത സംവിധാനം. നടൻ സൂര്യയുടെ നിർമാണ കമ്പനിയായ ടുഡി എന്‍റര്‍ടെയ്ന്‍മെന്‍റായിരുന്നു സിനിമയുടെ വിതരണം. ലോക്ക്ഡൗൺ സമയത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ സംസാരിച്ച സിനിമകളിൽ ഒന്നായിരുന്നു സില്ലു കരുപ്പട്ടി. 'ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്ത് നടക്കുന്ന തമിഴ് സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രോത്സവങ്ങളിൽ ഒന്നാണിത്' എന്നാണ് ടൊറോന്‍റോ രാജ്യാന്തര തമിഴ് ചലച്ചിത്ര മേളയുടെ സംഘാടകര്‍ അവകാശപ്പെടുന്നത്. തമിഴ് വംശജരായ 500000 കാനേഡിയന്മാര്‍ പ്രേക്ഷകര്‍ മേളക്കുണ്ടെന്നും സംഘാടകര്‍ അവകാശപ്പെടുന്നു.