സിജു വിൽസൺ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'വരയൻ' റിലീസിനൊരുങ്ങുന്നു. ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയൻ ഈ വർഷം മെയ് 28ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സിജു വിൽസൺ പുരോഹിതന്‍റെ വേഷമണിഞ്ഞുള്ള പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചത്.
"കൂടുതൽ ഡെക്കറേഷൻ ഒന്നുമില്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കും വരയൻ എന്നാണ് വിശ്വാസം. അത്രയ്ക്ക് ആത്മാർഥമായി ഞങ്ങളെല്ലാവരും ഈ സിനിമ നന്നാക്കുവാൻ വേണ്ടി ശ്രമിച്ചിട്ടുണ്ട്. ഇനി നിങ്ങളാണ് കണ്ടിട്ട് പറയേണ്ടത്," എന്ന് സിജു വിൽസൺ ഫേസ്ബുക്കിൽ കുറിച്ചു.
ഡാനി കപുചിന്നാണ് വരയന്‍റെ തിരക്കഥ ഒരുക്കുന്നത്. ജോൺ കുട്ടി എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ കാമറാമാൻ രജീഷ് രാമനാണ്. പ്രകാശ് അലക്സ് ചിത്രത്തിന് സംഗീതമൊരുക്കുന്നു. സത്യം സിനിമാസിന്‍റെ ബാനറിൽ എ.ജി പ്രേമചന്ദ്രനാണ് സിനിമ നിർമിക്കുന്നത്.
അതേ സമയം, വിനയന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന പത്തൊമ്പതാം നൂറ്റാണ്ടിലും നായകൻ സിജു വിൽസണാണ്. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.