വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.മെഗാസ്റ്റാർ മമ്മൂട്ടിയാണ് വിനയനും സിജു വിൽസണും ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്കും ആശംസയറിയിച്ച് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.ചരിത്രസിനിമയിൽ യുവനടൻ സിജു വിൽസൺ ആണ് നായകനാകുന്നത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്.
19-ാം നൂറ്റാണ്ടിലെ ഇതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് സിജു വിൽസൺ അവതരിപ്പിക്കുന്നത്. ഒപ്പം, കായംകുളം കൊച്ചുണ്ണിയും മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും ചരിത്രപുരുഷന്മാരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.
അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, അലൻസിയർ, മണികണ്ഠൻ, സെന്തിൽക്യഷ്ണ, ബിബിൻ ജോർജ്ജ് എന്നിവരാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രധാന താരങ്ങൾ. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ വിവേക് ഹർഷനാണ്. എം. ജയചന്ദ്രനും റഫീക് അഹമ്മദും ചേർന്നാണ് സംഗീതമൊരുക്കുന്നത്. നായകനായും ഹാസ്യതാരമായും സഹനടനായും മലയാളസിനിമയിൽ തിളങ്ങിയ സിജു വിൽസണിന്‍റെ വേറിട്ട വേഷമായിരിക്കും പത്തൊമ്പതാം നൂറ്റാണ്ടിലെന്നാണ് സൂചന.