പാലക്കാട്: ഷൊര്‍ണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും സിനിമാ പ്രേമികളുടെ നൊമ്പരമായ മേളം തിയേറ്റർ തിരിച്ചുവരവിന്‍റെ പാതയില്‍. സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടിയ ഈ തിയേറ്റര്‍ ഒരു കാലത്ത് ചലച്ചിത്രാസ്വാദകരെ കൊണ്ട് നിറഞ്ഞിരുന്നു. ഇപ്പോള്‍ ജീര്‍ണാവസ്ഥയിലായ തിയേറ്റര്‍ ആശിർവാദ് സിനിമാസിന് വേണ്ടി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂർ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ കൊല്ലം തിയേറ്റർ അടച്ചുപൂട്ടിയപ്പോൾ തന്നെ ആന്‍റണി പെരുമ്പാവൂരോ മോഹൻലാലോ തിയേറ്റർ വാങ്ങുമെന്നുള്ള പ്രതീക്ഷ ആരാധകർ പങ്കുവെച്ചിരുന്നു. ഓലപുരകളായ ടാക്കീസ് സമ്പ്രദായത്തിൽ നിന്നും എണ്‍പതുകളിലെ ആധുനികതയിൽ ആരംഭിച്ചതാണ് ഷൊര്‍ണ്ണൂരിലെ ഈ മേളം തിയേറ്റർ.
മേളം തിയേറ്റര്‍ ആശിര്‍വാദ് സിനിമാസ് ഏറ്റെടുക്കുന്നു - Aashirvad Cinemas
900 സീറ്റുകളുള്ള സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകളിലൊന്നാണ് മേളം തിയേറ്റർ. റിലീസിങ് സെന്‍ററായി വർഷങ്ങൾക്ക് മുമ്പ് ഉയർത്തിയ മേളം തിയേറ്റർ ആധുനിക ശബ്ദദൃശ്യ സാങ്കേതിക സംവിധാനങ്ങളോടെയാണ് പ്രവർത്തിച്ചത്

കഴിഞ്ഞ വർഷം പകുതിയോടെ മേളം തിയറ്റർ പൂട്ടാന്‍പോകുന്നുവെന്ന വാർത്ത വന്നപ്പോള്‍ വള്ളുവനാടിന്‍റെ മനസുകള്‍ നിരാശയിലായിരുന്നു. കാരണം മേളം തിയേറ്റര്‍ ഷൊര്‍ണ്ണൂരിന്‍റെ വികാരമാണ്. 900 സീറ്റുകളുള്ള സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകളിലൊന്നാണ് മേളം തിയേറ്റർ. റിലീസിങ് സെന്‍ററായി വർഷങ്ങൾക്ക് മുമ്പ് ഉയർത്തിയ മേളം തിയേറ്റർ ആധുനിക ശബ്ദദൃശ്യ സാങ്കേതിക സംവിധാനങ്ങളോടെയാണ് പ്രവർത്തിച്ചത്. മൾട്ടിപ്ലക്‌സ് തരംഗത്തിനൊത്ത് തിയേറ്ററിന്‍റെ മുഖം മാറ്റാൻ ശ്രമിക്കാതിരുന്നതാണ് മേളത്തിന് തിരിച്ചടിയായത്. പട്ടാമ്പിയിലും ഒറ്റപ്പാലത്തും മൾട്ടിപ്ലക്‌സ് തിയേറ്ററുകൾ വന്നതോടെ മേളമടക്കമുള്ള പഴയകാല തിയേറ്ററുകൾ പ്രതിസന്ധിയിലായി.
‘പഴശ്ശിരാജ’ സിനിമ കാണാൻ മമ്മൂട്ടിയും റസൂൽ പൂക്കുട്ടിയും എത്തിയത് മേളത്തിലായിരുന്നു. ആശിർവാദ് സിനിമക്ക് വേണ്ടി ആന്‍റണി പെരുമ്പാവൂരിന്‍റെ പേരിൽ ഷൊർണൂർ മേളം തിയേറ്ററും അനുബന്ധ സ്ഥലവും ഇതിനോടകം രജിസ്റ്റർ ചെയ്തു. മൾട്ടിപ്ലക്സുകളുടെ ഈ കാലത്ത് മേളത്തിന്‍റെ 'പുതിയ മുഖം' കാണാന്‍ കാത്തിരിക്കുകയാണ് സിനിമപ്രേമികളും മേളം ആരാധകരും.