കന്നഡ താരമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലിലാണ് സിനിമാലോകം. നടന്‍റെ വിയോഗത്തിൽ നിരവധി പേർ ആദരാഞ്ജലികൾ അറിയിച്ച് എത്തിയിട്ടുണ്ട്. എന്നാൽ, നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ശോഭാ ഡേ അനുശോചനം രേഖപ്പെടുത്തിയത് തെലുങ്കു സൂപ്പർതാരം ചിരഞ്ജീവിക്കാണ്. "ഒരു താരം കൂടി നമ്മെ വിട്ടു പോയി. എത്രവലിയ നഷ്‌ടമാണ്! കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു," എന്ന് തെലുങ്കു നടന്‍റെ ചിത്രത്തിനൊപ്പം ശോഭ ട്വീറ്റ് ചെയ്‌തു.
തെലുങ്കു താരത്തിന് ആദരാഞ്ജലി അറിയിച്ച് ശോഭാ ഡേ; അബദ്ധം മനസിലാക്കി ട്വീറ്റ് പിൻവലിച്ചു - chiru sarja
കന്നഡ താരം ചിരഞ്ജീവി സര്‍ജക്ക് പകരം തെലുങ്കു നടൻ ചിരഞ്ജീവിയുടെ ചിത്രമാണ് ശോഭാ ഡേ അനുശോചനം രേഖപ്പെടുത്താനായി ഉപയോഗിച്ചത്
ശോഭയുടെ ട്വീറ്റിനെതിരെ നിരവധി പേർ വിമർശനവുമായി എത്തി. താരങ്ങളെ കുറിച്ച് വലിയ അറിവില്ലെങ്കിൽ ദയവായി ട്വീറ്റ് ചെയ്യരുതെന്നും വെറുതെ ഗൂഗിൾ സെർച്ച് ചെയ്‌താൽ തന്നെ നിങ്ങളുടെ മണ്ടത്തരങ്ങൾ ഒഴിവാക്കാമെന്നും ചിലർ കമന്‍റ് ചെയ്‌തിട്ടുണ്ട്. അബദ്ധം പിണഞ്ഞെന്ന് മനസിലായതോടെ ശോഭാ ഡേ ആദരാഞ്ജലി അറിയിച്ചുകൊണ്ടുള്ള ട്വീറ്റ് പിന്‍വലിച്ചു. ഇതാദ്യമായല്ല, ശോഭാ ഡേക്ക് അബദ്ധം പിണയുന്നത്. മുമ്പ് മധ്യപ്രദേശ് പൊലീസിന്‍റെ ചിത്രത്തിന് മഹാരാഷ്‌ട്ര പൊലീസ് എന്ന് അഭിസംബോധന ചെയ്‌തതിനും നിരവധി വിമർശനങ്ങൾ ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.