ഒരു മാസത്തോളമായി മലയാളസിനിമ മേഖലയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ വിഷയമാണ് ഷെയ്ന്‍ നിഗവും-നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം. ഇരുവരും പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിഷയം ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല. വിഷയത്തില്‍ തന്‍റെ ഭാഗത്തുനിന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയാന്‍ തയാറാണെന്നറിയിച്ച് ഇപ്പോള്‍ നടന്‍ ഷെയ്ന്‍ നിഗം രംഗത്തെത്തിയിരിക്കുകയാണ്. മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമാണെങ്കില്‍ മാപ്പ് പറഞ്ഞേക്കാമെന്ന് ഷെയ്ന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമാണെങ്കില്‍ മാപ്പ് പറഞ്ഞേക്കാം: ഷെയ്ന്‍ നിഗം
മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമാണെങ്കില്‍ മാപ്പ് പറഞ്ഞേക്കാമെന്ന് ഷെയ്ന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി
പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണോ എന്ന അവതാരകന്‍റെ ചോദ്യത്തിന് എന്‍റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ഉറപ്പായിട്ടും ഞാന്‍ മാപ്പ് പറയും. പരസ്യമായിട്ട് പറയും എന്നായിരുന്നു ഷെയ്ന്‍ നല്‍കിയ മറുപടി.
അതേസമയം, വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണവും ഉല്ലാസത്തിന്‍റെ ഡബ്ബിങും പൂര്‍ത്തിയാക്കാതെ ഷെയ്ന്‍ നിഗമുമായി സഹകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഷെയ്ന്‍ നല്‍കുന്ന ഉറപ്പ് ഉള്‍ക്കൊള്ളാനാകില്ലെന്നും വിഷയത്തില്‍ താരസംഘടനയായ അമ്മ ഉറപ്പ് നല്‍കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.രഞ്ജിത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നഷ്ടം ഈടാക്കാന്‍ നിര്‍മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെ ഖേദ പ്രകടനവുമായി ഷെയ്ന്‍ രംഗത്തെത്തിയിരുന്നു. നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ച പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിര്‍മാതാക്കള്‍ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് ഷെയ്ന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ കുറിച്ചത്.