കൊച്ചി:നടൻ ഷെയ്‌ൻ നിഗവും സിനിമാ നിർമാതാക്കളും തമ്മിലുള്ള പ്രശ്‌നത്തിൽ താരസംഘടന അമ്മ വീണ്ടും ചർച്ച നടത്തും. നിർമാതാക്കൾക്കെതിരായി ഷെയ്‌ൻ നടത്തിയ വിവാദ പരാമർശത്തെ തുടർന്നായിരുന്നു താരസംഘടന സമവായ ചർച്ചകൾ അവസാനിപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഷെയ്‌ൻ കത്ത് നൽകിയ സാഹചര്യത്തിലാണ് പ്രശ്‌നപരിഹാര ശ്രമങ്ങൾ തുടരാൻ തീരുമാനിച്ചത്.
ഷെയ്‌ൻ വിഷയത്തില്‍ 'അമ്മ' വീണ്ടും ചർച്ച നടത്തും - producers association
കഴിഞ്ഞ ദിവസം വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഷെയ്‌ൻ കത്ത് നൽകിയ സാഹചര്യത്തിലാണ് പ്രശ്‌നപരിഹാര ശ്രമങ്ങൾ തുടരാൻ അമ്മ തീരുമാനിച്ചത്.
ജനുവരി ഒമ്പതിന് കൊച്ചിയിൽ ചേരുന്ന അമ്മ നിര്‍വാഹക സമിതി യോഗത്തില്‍ ഷെയ്ന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യും. ഷെയ്‌നിനെ യോഗത്തിലേക്ക് വിളിപ്പിച്ച് രമ്യമായ പരിഹാരത്തിനുള്ള നിർദേശം നൽകും. ഷെയ്‌നെതിരെ നിർമാതാക്കളുട സംഘടന ഏർപ്പെടുത്തിയ വിലക്ക് നീക്കാനും മുടങ്ങിയ മൂന്ന് സിനിമകൾ പൂർത്തിയാക്കാനുമാണ് അമ്മയുടെ ശ്രമം. ഈ മാസം 29ന് കൊച്ചിയിൽ ചേരാൻ തീരുമാനിച്ചിരുന്ന അമ്മയുടെ നിർവാഹസമിതി യോഗം മോഹൻലാൽ സ്ഥലത്തിലാത്തിരുന്നതിനെ തുടർന്നാണ് ജനുവരി ഒമ്പതിലേക്ക് മാറ്റിയത്. ഉല്ലാസം സിനിമയുടെ ഡബ്ബിങ്, വെയിൽ, കുർബാനി എന്നീ സിനിമകളുടെ ചിത്രീകരണം തുടങ്ങിയ കാര്യങ്ങളിൽ ഷെയ്‌നിൽ നിന്നും രേഖാമൂലം അമ്മ ഉറപ്പ് വാങ്ങിയേക്കും. ഇതിന് ശേഷം അമ്മ ഭാരവാഹികൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചർച്ച നടത്തും. അതേസമയം ഷെയ്‌നുമായി ഇനി നേരിട്ട് ചർച്ചയില്ലെന്നും ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കുന്നതുൾപ്പെടെ തങ്ങൾ ആവശ്യപ്പെട്ട കാര്യത്തിൽ ഷെയ്‌ൻ മറുപടി നൽകട്ടെയെന്നുമാണ് നിർമാതാക്കളുടെ നിലപാട്.