എറണാകുളം: സീരിയൽ കില്ലർ സയനൈഡ് മോഹന്‍റെ ജീവിത കഥ സിനിമയാകുന്നു. നിരവധി സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങൾ നേടിയ സംവിധായകൻ രാജേഷ് ടച്ച്റിവറാണ് സിനിമ സംവിധാനം ചെയ്യുന്നത്. സയനൈഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ നടൻ സിദ്ദിഖ്, പ്രിയാമണി എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫിസറുടെ കഥാപത്രത്തെയാണ് ചിത്രത്തില്‍ പ്രിയാമണി അവതരിപ്പിക്കുക. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങി ആറ് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
അധ്യാപകനായിരുന്ന മോഹൻ കുമാർ വിവേകാനന്ദൻ 20 സ്ത്രീകളെയാണ് പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്. മോഹനന്‍റെ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ തിരക്കഥയാണെങ്കിലും ചിത്രം കുറെയേറെ വ്യത്യസ്ഥമായിരിക്കുമെന്ന് സംവിധായകൻ രാജേഷ് പറയുന്നു. ഇതിൽ ഹിന്ദി ഒഴികെയുള്ള ഭാഷയിൽ പ്രിയാമണി കഥാപാത്രമാകുമ്പോൾ ഹിന്ദിയിൽ പ്രിയാമണിയുടെ വേഷം കൈകാര്യം ചെയ്യുക യെശ്പാൽ ശർമയാണ്.
സിനിമയിൽ മണികണ്ഠൻ ആചാരി, ശ്രീജിത് രവി, പ്രശാന്ത് അലക്‌സാണ്ടർ, ചിത്തരഞ്ജൻ ഗിരി, തനിക്കെല ഭരണി, കന്നഡ താരം രംഗായനരഘു, രാംഗോപാൽ ബജാജ്, ഷിജു, ശ്രീമാൻ, സമീർ, രോഹിണി, സഞ്ജു ശിവറാം, ഷാജു ശ്രീധർ, മുകുന്ദൻ, റിജു ബജാജ് തുടങ്ങിയവരും അഭിനയിക്കുന്നു. മിഡിൽ ഈസ്റ്റ് സിനിമ, പ്രൈം ഷോ എന്‍റര്‍ടെയ്‌ന്‍മെന്‍റ് എന്നിവയുടെ ബാനറിൽ പ്രദീപ് നാരായണൻ, കെ.നിരഞ്ജൻ റെഡ്‌ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബോളിവുഡ് സംഗീത സംവിധായകൻ ജോർജ് ജോസഫിനൊപ്പം സൗണ്ട് ഡിസൈനർ അജിത് എബ്രാഹം, പ്രോസ്‌തെറ്റിക് മേക്കപ്പ് സ്‌പെഷ്യലിസ്റ്റ് എൻ.ജി റോഷൻ, എഡിറ്റർ ശശികുമാർ എന്നിവരും ഈ സിനിമയുടെ ഭാഗമാകും. ഡോക്‌ടർ ഗോപാൽ ശങ്കറാണ് സംഗീത സംവിധാനം.
തെലുങ്ക് പതിപ്പിലെ സംഭാഷണങ്ങൾ പുന്നം രവിയും, തമിഴിൽ രാജ ചന്ദ്രശേഖറും മലയാളത്തിൽ രാജേഷ് ടച്ച്റിവറും, ലെനൻ ഗോപിയും ചേർന്ന് എഴുതുന്നു. ഹൈദരാബാദ്, ബെംഗളൂരു, ഗോവ, മംഗളൂരു, മൈസൂർ, കൂർഗ്, മടിക്കേരി, കാസർഗോഡ് എന്നിവിടങ്ങളിലാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അമിയറപ്രവര്‍ത്തകര്‍.