പോയ വർഷത്തെ ഹിറ്റ് ചിത്രമായിരുന്നു അഞ്ചാം പാതിര. ഡോ. അൻവർ ഹുസൈനെയും ഡോ. ബെഞ്ചമിൻ ലൂയിസിനെയും വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ആട് സിനിമയുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസിന്‍റെ ആദ്യ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്‍റെ പുതിയ ഭാഗം അരങ്ങിൽ ഒരുങ്ങുകയാണ്.
ആറാം പാതിര എന്ന ടൈറ്റിലിലൊരുങ്ങുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ തന്നെയാണ് കേന്ദ്രകഥാപാത്രം ചെയ്യുന്നത്. എന്നാൽ, അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമല്ല പുതിയ ചിത്രം. പകരം ഡോക്ടർ അൻവർ ഹുസൈൻ ഭാഗമാകുന്ന മറ്റൊരു അന്വേഷണകഥയിലൂടെ ചിത്രം സഞ്ചരിക്കുന്നു.
മിഥുൻ മാനുവൽ തോമസാണ് തിരക്കഥയും സംവിധാനവും. ഒന്നാം പതിപ്പിന്‍റെ നിർമാതാവ് ആഷിഖ് ഉസ്മാൻ ചിത്രം നിർമിക്കുന്നു. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹകൻ.
ചിത്രത്തിന്‍റെ കഥയ്‌ക്ക് ആനുപാതികമായി പ്രേക്ഷകനിലേക്ക് നിഗൂഢതയും ഭയവും സൃഷടിച്ച സുഷിൻ ശ്യാമിന്‍റെ പശ്ചാത്തലസംഗീതം അഞ്ചാം പാതിരയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആറാം പാതിരയിലും സുഷിൽ ശ്യാം തന്നെയാണ് സംഗീതം ഒരുക്കുന്നത്. ഷൈജു ശ്രീധരനാണ് എഡിറ്റർ.