ലോസ് ഏഞ്ചൽസ്:കൊവിഡ് രോഗം പരിശോധിക്കുന്നതിനുള്ള ലാബിനായി സംഭാവന നൽകി ഹോളിവുഡ് നടൻ സീൻ പെൻ. താരത്തിന്‍റെ നോൺ-പ്രോഫിറ്റ് സ്ഥാപനമായ കോർ (കമ്മ്യൂണിറ്റി ഓർഗനൈസ്‌ഡ് റിലീഫ് എഫോർട്ട്) ലോസ് ഏഞ്ചൽസുമായി ചേർന്നാണ് കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ സംഘടിപ്പിക്കുന്നത്. സീൻ പെന്നിനും കോറിന്‍റെ ജീവനക്കാർക്കും നന്ദി അറിയിച്ചുകൊണ്ട് ലോസ് ഏഞ്ചൽസ് ഡെപ്യൂട്ടി മേയർ ജെഫ് ഗോറൽ ട്വിറ്ററിലൂടെ വാർത്ത പങ്കുവെച്ചു. സീൻ പെന്നിനെ പോലുള്ളവർ ശരിക്കും കൊവിഡിനെതിരെയുള്ള ഹീറോകളാണെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
ഗവൺമെന്‍റുമായി ചേർന്ന് നടൻ സീൻ പെൻ കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ സംഘടിപ്പിക്കും
നഗരത്തിന്‍റെ ഏറ്റവും ദുരിതബാധിത പ്രദേശങ്ങളിലുള്ളവരുടെ രോഗബാധ സ്ഥിരീകരിക്കുന്നതിനായി സീൻ പെന്നിന്‍റെ കോറും സിറ്റി ഓഫ് ലോസ് ഏഞ്ചൽസും ഒരുമിച്ച് പ്രവർത്തിക്കും. സുരക്ഷിതവും മികച്ചതുമായ കൊവിഡ് പരിശോധന നടപ്പിലാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം
നഗരത്തിന്‍റെ ഏറ്റവും ദുരിതബാധിത പ്രദേശങ്ങളിലുള്ളവരുടെ രോഗബാധ സ്ഥിരീകരിക്കുന്നതിനായി കോറും സിറ്റി ഓഫ് ലോസ് ഏഞ്ചൽസും ഒരുമിച്ച് പ്രവർത്തിക്കും. സുരക്ഷിതവും മികച്ചതുമായ കൊവിഡ് പരിശോധന നടപ്പിലാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇതാദ്യമായല്ല ഓസ്‌കാർ ജേതാവ് കൂടിയായ സീൻ പെൻ ദുരന്തമുഖത്ത് സഹായവുമായെത്തുന്നത്. 2010ൽ ഹെയ്തിയിലെ ഭൂമികുലുക്കത്തിൽ വൻനാശനഷ്‌ടമുണ്ടായപ്പോഴാണ് താരം കോർ എന്ന സംഘടന ആരംഭിച്ചത്. നടനെന്നതിനുപരി ഇത്തരത്തിലുള്ള മാനുഷിക സേവനങ്ങളിലും സീൻ പെൻ വളരെ സുപരിചിതനാണ്. ഹോളിവുഡിൽ നിന്നും റയാൻ റെയ്നോൾഡ്‌സും ബ്ലെയ്ക്ക് ലൈവ്‌ലിയും നേരത്തെ കൊവിഡ് ചികിത്സക്കായി ധനസഹായം നൽകിയിരുന്നു.