2019ലെ ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള സ്ക്രീനിങ് തുടങ്ങി
ഛായാഗ്രാഹകൻ മധു അമ്പാട്ട് ചെയർമാനായുള്ള അവാർഡ് നിർണയ സമിതി രണ്ട് സംഘമായി തിരിഞ്ഞ് സിനിമകള്‍ കണ്ടുതുടങ്ങി.
തിരുവനന്തപുരം: 2019ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള സിനിമകളുടെ സ്ക്രീനിങ് തുടങ്ങി. കുട്ടികളുടെ അഞ്ച് ചിത്രങ്ങൾ അടക്കം 119 സിനിമകളാണ് മത്സര വിഭാഗത്തിലുള്ളത്. ഛായാഗ്രാഹകൻ മധു അമ്പാട്ട് ചെയർമാനായുള്ള അവാർഡ് നിർണയ സമിതി രണ്ട് സംഘമായി തിരിഞ്ഞ് സിനിമകള്‍ കണ്ടുതുടങ്ങി. ചിത്രസംയോജകൻ എൽ.ഭൂമിനാഥൻ, സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹൻ, സൗണ്ട് എഞ്ചിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ. കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ ചലച്ചിത്ര അക്കാദമിയുടെ രാമു കാര്യാട്ട് സ്ക്രീനിലും എൽവി പ്രസാദ് തിയേറ്ററിലുമായാണ് സ്ക്രീനിങ്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ജൂറി അംഗങ്ങളെയും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചലച്ചിത്ര അക്കാദമി ജീവനക്കാരെയും റാപ്പിഡ് ആന്‍റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് സ്ക്രീനിങ് ആരംഭിച്ചത്.