കൊൽക്കത്ത: ഇന്ത്യൻ സിനിമക്ക് ആഗോളതലത്തില്‍ സ്ഥാനം നേടിയെടുക്കാൻ നിർണായകപങ്ക് വഹിച്ച ചലച്ചിത്രകാരനാണ് സത്യജിത് റേ. സംവിധായകനെന്നതിന് പുറമെ സിനിമയെ സസൂഷ്‌മം നിരീക്ഷിച്ച് അതിന്‍റെ എല്ലാ മേഖലയിലും തന്‍റെ കയ്യൊപ്പ് രേഖപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പാഥേർ പാഞ്ചാലിയും അപരാജിതയും ചാരുലതയും ഒക്കെ എന്നും ചലച്ചിത്രലോകത്തിന്‍റെ നാഴികക്കല്ലായതും ഇന്ത്യൻ സിനിമക്ക് പുതിയ മാനങ്ങൾ സംഭാവന ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചതിനാലാണ്. ഓസ്കാറും ഭാരത് രത്നയും മൂന്ന് പത്മ പുരസ്കാരങ്ങളും 32 ദേശീയ പുരസ്കാരങ്ങളും ഉൾപ്പടെ നിരവധി അംഗീകാരങ്ങളും സത്യജിത് റേയുടെ മികവിന്‍റെ സൂചകങ്ങളാണ്. ഇന്ന് രാജ്യം കൊവിഡ് ഭീതിയിൽ ലോക്ക് ഡൗണിലാണെങ്കിലും സത്യജിത് റേ എന്ന അവിസ്‌മരണീയ ചലച്ചിത്രകാരന്‍റെ 99-ാം ജന്മദിന വാർഷിക ദിനത്തിൽ അദ്ദേഹത്തിന്‍റെ ഓർമകൾ ഇടിവി ഭാരതുമായി പങ്കുവക്കുകയാണ് റേയുടെ മകനും സംവിധായകനുമായ സന്ദീപ് റേ.
ആഘോഷങ്ങളില്ലാതെ ഒരു പിറന്നാൾ ദിനം; സത്യജിത് റേയുടെ ഓർമയിൽ സന്ദീപ് റേ
ഇന്ന് സത്യജിത് റേയുടെ 99-ാം ജന്മദിനം. ആഘോഷങ്ങളും പുസ്‌തക പ്രകാശനവും ഇല്ലാതെ ഒരു സാധാരണ ദിവസമായി കടന്നുപോയെന്ന് റേയുടെ മകനും സംവിധായകനുമായ സന്ദീപ് റേ ഇടിവി ഭാരതുമായുള്ള അഭിമുഖത്തിൽ പറഞ്ഞു
പ്രഗൽഭനായ ചലച്ചിത്രകാരന്‍റെ മരണശേഷവും അദ്ദേഹത്തിന് ആദരവർപ്പിക്കാൻ ജന്മദിനത്തിൽ ആരാധകർ വീടിന് ചുറ്റും കൂടാറുണ്ട്. രാവിലെ 6.30 മുതൽ രാത്രി വൈകി 12.30 വരെ തങ്ങളുടെ പ്രിയപ്പെട്ട കലാകാരന്‍റെ ഓർമകളുമായി ആൾക്കൂട്ടം തിങ്ങി നിറയും. എന്നാൽ, ലോക്ക് ഡൗൺ മൂലം ആദ്യമായി സത്യജിത് റായുടെ ജന്മദിനം ഒരു സാധാരണ ദിവസമായി കടന്നുപോകുന്നു. ഇന്ന് നടത്താൻ തീരുമാനിച്ചിരുന്ന അനുസ്‌മരണ ചടങ്ങുകളും ഐസിസിആറിലെ പുസ്‌തക പ്രകാശനവും ഉൾപ്പെടെ എല്ലാ പരിപാടികളും നിർത്തിവച്ചതായി സന്ദീപ് പറഞ്ഞു. എങ്കിലും അച്ഛൻ ജീവിച്ചിരുന്നപ്പോഴും ശേഷവും വർഷം തോറും നടത്തിവരുന്ന ജന്മദിനാഘോഷ ചടങ്ങുകളെ കുറിച്ചും സന്ദീപ് റേ വിവരിച്ചു. തുടക്കത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു റേയുടെ പിറന്നാൾ ആഘോഷത്തിന് ഒത്തുകൂടിയിരുന്നത്. പിന്നീട്, അതുല്യ കലാകാരനെ നേരിൽ കണ്ട് ആശംസകൾ അറിയിക്കാൻ ആരാധകർ വീടിന് മുന്നിൽ എത്തി തുടങ്ങി. എന്നാൽ, അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായ സാഹചര്യങ്ങളിൽ ഡോക്‌ടറിന്‍റെ നിർദേശപ്രകാരം വലിയ ജനക്കൂട്ടവുമായി ഇടപെടുന്നത് പരിമിധിപ്പെടുത്തിയിരുന്നു. അതിനാൽ, തുടർന്നുള്ള ജന്മദിനങ്ങളിൽ സത്യജിത് റേ തന്‍റെ ബന്ധുവീട്ടിലോ കുടുംബത്തിനൊപ്പം കൊൽക്കത്തക്ക് പുറത്തുള്ള ഹോട്ടലുകളിലോ ഒത്തുകൂടി ആഘോഷചടങ്ങുകൾ ലഘൂകരിക്കുകയാണ് ചെയ്‌തത്. 1992 ഏപ്രിൽ 23ന് റേ തന്‍റെ ജീവിതത്തിൽ നിന്ന് വിടനൽകിയപ്പോഴും തുടർന്നുള്ള ജന്മദിന വാർഷികം ആരാധകർ മറന്നില്ല. എല്ലാ വർഷവും മെയ് രണ്ടിന് അദ്ദേഹത്തിന്‍റെ വീടിന് പുറത്ത് ആളുകൾ തടിച്ചുകൂടുന്നത് പതിവായെന്ന് മകൻ സന്ദീപ് പറയുന്നു.
കടലാസിലെ കഥകളെ അഭ്രപാളിയിൽ എത്തിച്ച കലാകാരന് പുസ്‌തകങ്ങൾ പിറന്നാൾ സമ്മാനമായി ലഭിക്കുന്നതായിരുന്നു ഏറ്റവും പ്രിയം. ഒരിക്കൽ താനൊരു സിഡി പ്ലെയർ അച്ഛന് സമ്മാനിക്കുകയും അത് എല്ലാ ദിവസവും അദ്ദേഹം ഉപയോഗിച്ചിരുന്നതായും മകൻ സന്ദീപ് റേ ഇടിവി ഭാരതുമായി പങ്കുവച്ച പ്രത്യേക അഭിമുഖത്തിൽ വിശദീകരിച്ചു. ഒപ്പം, സത്യജിത് റേക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ബംഗാൾ സദ്യയും മീനും മാംസാഹാരവുമൊക്കെ പിറന്നാൾ ദിനത്തിലും ഒരുക്കാറുണ്ടെന്നും സന്ദീപ് റേ പറയുന്നു. സത്യജിത് റേയുടെ അവസാന കാലങ്ങളിൽ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം അദ്ദേഹം നിർമിച്ച സിനിമകൾ പൂർത്തിയാക്കിയത് മകൻ സന്ദീപ് റേയുടെ സഹായത്തോടെ ആയിരുന്നു. ബംഗാളി ഭാഷയിലൂടെയാണ് സത്യജിത് റേയുടെ രംഗപ്രവേശം.