ബാലതാരമായി തുടങ്ങി മലയാള സിനിമയിലെ പ്രിയനായികമാരായ രണ്ടു പേർ, കാവ്യ മാധവനും സനുഷ സന്തോഷും. എന്നാൽ, ഇരുവരും വ്യത്യസ്‌തമായ കാലങ്ങളിലായിരുന്നു സിനിമയിൽ തിളങ്ങിയത്. മീശ മാധവനിലും കാശി എന്ന ചിത്രത്തിലും കാവ്യയും സനുഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, കാവ്യയുടെ നാടായ നീലേശ്വരവുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചാണ് സനുഷ വിവരിക്കുന്നത്. ഒപ്പം, തന്നെയും സഹോദരൻ സനൂപിനെയും ചേർത്തുപിടിച്ച് നിൽക്കുന്ന കാവ്യയുടെ ഒരു ഓർമചിത്രമാണ് സനുഷ ഫേസ്ബുക്കിൽ പങ്കുവച്ചത്.
പെരുമഴക്കാലം എന്ന സിനിമയ്ക്ക് ശേഷം നടത്തിയ പരിപാടിയില്‍ നിന്നും എടുത്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ് സനുഷയുടെ പോസ്റ്റിലുള്ളത്. നീലേശ്വരത്തെ കുറിച്ചുള്ള ഓർമകളിൽ കാവ്യ ചേച്ചിയും ഒപ്പമുണ്ടാകാറുണ്ടെന്നും തന്‍റെ കരിയറിന്‍റെ വളർച്ചയിൽ പിന്തുണച്ചിരുന്ന വ്യക്തിയായിരുന്നു കാവ്യയെന്നും സനുഷ പറഞ്ഞു.
അനുഭവം പങ്കുവച്ച് സനുഷ
'കാവ്യ ചേച്ചിയുടെ നാടായ നീലേശ്വരത്ത് എന്‍റെ അമ്മ ജനിച്ചത്. അച്ഛന്‍ കുടുംബത്തോടൊപ്പം ഒരു കാലത്ത് താമസിച്ചതും അവിടെയായിരുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതും കണ്ണൂരിലാണ്. പക്ഷേ ഇപ്പോഴും എന്‍റെ കുടുംബാംഗങ്ങള്‍ നീലേശ്വരത്തുണ്ട്. അവിടെ സുഹൃത്തുക്കളുമുണ്ട്.
ഞങ്ങള്‍ അവിടെ പോകുമ്പോഴെല്ലാം ഒരുമിച്ച് കൂടുകയും സമയം ചെലവഴിക്കുകയും ചെയ്‌തിട്ടുണ്ട്. ചില ആളുകളുടെ കരിയർ വളരുമ്പോൾ അവരുടെ ഇന്‍ഡസ്ട്രിയില്‍ ഉള്ളവർ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.
ഞങ്ങള്‍ക്ക് ഒരിക്കലും അത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ലെന്നത് അഭിമാനത്തോടെ പറയുക മാത്രമല്ല, എന്‍റെ ചേച്ചിയെപ്പോലെ കൂടെ നിന്ന അവരെ ഞാൻ ഓർമിക്കുകയുമാണ്. കൂടാതെ, കാവ്യ ചേച്ചിയെ കുറിച്ച് ഓർക്കുമ്പോൾ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയാണ് അവർ എന്നാണ് ഓർമ വരാറുള്ളത്.
Also Read: മെഗാസ്റ്റാറിന്‍റെ തോളിലിരിക്കുന്ന ഓർമചിത്രവുമായി സനുഷ
ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ എപ്പോഴും മനസിൽ സൂക്ഷിക്കുന്ന കാര്യവുമിതാണ്. നിങ്ങള്‍ക്ക് കഴിയുന്നത്ര, ദൈനംദിനം സാധ്യമായ എല്ലാ വഴികളിലും, നിങ്ങളുടെ വിജയം പോലെ മറ്റുള്ളവരുടെ വിജയത്തിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുക.
പരസ്പരം പിന്തുണയ്ക്കാനും ദയ കാണിക്കാനും സാധ്യമാകുമ്പോഴെല്ലാം സഹായിക്കാനും കഴിയുന്നത്ര ശ്രമിക്കണം. സ്‌നേഹം പ്രചരിപ്പിക്കാന്‍, ഒരു മികച്ച വ്യക്തിയാകാൻ, നിങ്ങളുടെ തനതായ ഒരു രീതി രൂപീകരിക്കാൻ ശ്രമിക്കുക' എന്ന് സനുഷ ഫേസ്ബുക്കിൽ കുറിച്ചു.
നാട്ടുകാരി കൂടിയായ കാവ്യ മാധവനെ കുറിച്ചുള്ള സനുഷയുടെ പോസ്റ്റിന് ലൈക്കും കമന്‍റുകളുമായി ആരാധകരും പ്രതികരണമറിയിച്ചിട്ടുണ്ട്.