പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച സിനിമാ പ്രവര്‍ത്തകരെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. മൈക്കും ആൾക്കൂട്ടവും കണ്ട് രാഷ്‌ട്രീയ അഭിപ്രായം നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാർ അവരുടെ വീട്ടുകാർ ടാക്‌സ് കൃത്യമായി അടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. നികുതി വെട്ടിപ്പിൽ പിടി വീണാൽ ഒപ്പം നിൽക്കാനോ ജാഥ നടത്താനോ കഞ്ചാവ് ടീംസ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
"മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്‍റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്‌ച വരുത്താറുണ്ട്." പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധം നടത്തിയ പാർവ്വതി തിരുവോത്തിനെ ഉൾപ്പടെയാണ് സന്ദീപ് വാര്യര്‍ വിമർശിക്കുന്നതെന്ന് സമരം നടത്തുന്ന സിനിമാക്കാരുടെ, പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്കെന്ന പരാമർശത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്.