വിവാഹശേഷം നിരവധി നടിമാര്‍ സിനിമ ജീവിതം അവസാനിപ്പിച്ച് കുടുംബിനിയായി കഴിയുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് മലയാളിക്ക് എക്കാലവും പ്രിയപ്പെട്ട താരം സംയുക്ത വര്‍മ. ഏത് നടിയുടെ തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത് എന്ന് മലയാള സിനിമ പ്രേമികളോട് ചോദിച്ചാല്‍ അവര്‍ പറയുന്ന പേരുകളില്‍ ആദ്യത്തേത് ചിലപ്പോള്‍ സംയുക്തയുടേതായിരിക്കും. അടുത്തിടെ സംയുക്തയുടെ ബന്ധുവും നടിയുമായ ഉത്തര ഉണ്ണി വിവാഹിതയായിരുന്നു.
ആരാധക മനം കവര്‍ന്ന് സംയുക്ത വര്‍മ - samyuktha varma wears antique jewelry
ചുവപ്പും സ്വര്‍ണ നിറവും കലര്‍ന്ന സാരിയും പ്രത്യേകതകള്‍ നിറഞ്ഞ മാലയും കമ്മലുമണിഞ്ഞ് അതീവ സുന്ദരിയായാണ് ഉത്തര ഉണ്ണിയുടെ വിവാഹ സല്‍ക്കാരത്തിന് സംയുക്ത വര്‍മ എത്തിയത്.
ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് ബിജു മേനോനും മകനുമൊപ്പം സംയുക്തയും എത്തിയിരുന്നു. കൊച്ചിയില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ സാരിയില്‍ അതീവ സുന്ദരിയായാണ് സംയുക്ത എത്തിയത്. ചുവപ്പും സ്വര്‍ണ നിറവും കലര്‍ന്ന സാരിക്ക് ഇണങ്ങുന്ന തരത്തില്‍ സംയുക്ത അണിഞ്ഞ ആഭരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഗുരുവായൂരപ്പന്‍റെ വലിയ ലോക്കറ്റാണ് മാലയുടെ പ്രത്യേകത. കൊടുങ്ങല്ലൂരമ്മയുടെ രൂപം കൊത്തിയ ജിമിക്കി കമ്മലായിരുന്നു മറ്റൊരു ആകര്‍ഷണം.
നേരത്തെ ഉത്തരയ്ക്ക് സംയുക്ത വിവാഹ ആശംസകള്‍ കുറിച്ചിരുന്നു. ജയറാം നായകനായി എത്തിയ സത്യന്‍ അന്തിക്കാട്-ലോഹിതദാസ് ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് സംയുക്ത സിനിമ ജീവിതം ആരംഭിച്ചത്. നാല് വര്‍ഷം കൊണ്ട് പതിനെട്ട് ചിത്രങ്ങളില്‍ സംയുക്ത അഭിനയിച്ചു. ചുരുങ്ങിയ കാലയളവുകൊണ്ട് രണ്ട് സംസ്ഥാന അവാര്‍ഡും നടിക്ക് ലഭിച്ചു. നല്ലൊരു യോഗ വിദഗ്ധ കൂടിയാണ് സംയുക്ത വര്‍മ. യോഗ അഭ്യാസത്തിന്‍റെ വീഡിയോകള്‍ ഇടയ്‌ക്ക് നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്.