നടന്‍ സലിം കുമാര്‍ അടുത്തിടെ പങ്കെടുത്ത ഒരു ചടങ്ങില്‍ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വൈറലാകാന്‍ കാരണം ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ താരം നടത്തിയ ചില പ്രസ്താവനകളാണ്. നടന്‍ കുഞ്ചാക്കോ ബോബന്‍റെ സ്വഭാവ സവിശേഷതകളെ കുറിച്ചും താന്‍ ജീവിച്ചിരിക്കെ തന്‍റെ മരണം സോഷ്യല്‍ മീഡിയ വഴി ആഘോഷിക്കപ്പെട്ടതിനെ കുറിച്ചും അസുഖ ബാധിതനായി ആശുപത്രിയില്‍ കിടക്കയില്‍ ആയിരിക്കുമ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ചുമെല്ലാം പതിനഞ്ച് മിനിറ്റ് നീളുന്ന പ്രസംഗത്തില്‍ സലിം കുമാര്‍ വിശദീകരിക്കുന്നുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഏറ്റെടുത്തത് നടന്‍ കുഞ്ചാക്കോ ബോബനെ കുറിച്ച് നടത്തിയ പ്രസ്താവനയാണ്.
പുതുതലമുറയില്‍ മദ്യപിക്കാത്ത പുകവലിക്കാത്ത തനിക്ക് അറിയാവുന്ന ഒരു വ്യക്തി നടന്‍ കുഞ്ചാക്കോ ബോബനാണെന്നായിരുന്നു സലിം കുമാര്‍ പറഞ്ഞത്. ചങ്ങനാശേരി എസ്.ബി കോളജില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാര്‍ ഇക്കാര്യം പറഞ്ഞത്. ഇതേ കോളജില്‍ തന്നെയാണ് കുഞ്ചാക്കോ ബോബന്‍ പഠിച്ചതും.
'പുതുതലമുറയില്‍ മദ്യപിക്കാത്ത, പുകവലിക്കാത്ത ഒരാളായി ഞാന്‍ കണ്ടത് കുഞ്ചാക്കോ ബോബനെയാണ്. അവന്‍ ഈ കോളജിന്‍റെ സന്തതിയാണ്. ഒരു പാര്‍ട്ടി വന്ന് മയക്കുമരുന്നിനെതിരെ സത്യപ്രതിജ്ഞ ചെയ്യാന്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, വരില്ലാന്ന്... കാരണം ഞാന്‍ സിഗരറ്റ് വലിക്കും. സിഗരറ്റ് മയക്കുമരുന്നല്ലെങ്കില്‍പോലും അതൊരു ലഹരിയാണ്. അതിനാല്‍ നിങ്ങള്‍ മമ്മൂട്ടിയെയോ അല്ലെങ്കില്‍ ജഗദീഷിനെയോ വിളിക്കൂ. അല്ലെങ്കില്‍ നിങ്ങള്‍ കുഞ്ചാക്കോ ബോബനെ വിളിക്കൂ. അവരെയാണ് എനിക്ക് നിര്‍ദേശിക്കാനുള്ളത്.' സലിം കുമാര്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ താന്‍ മരിച്ചുവെന്ന തരത്തില്‍ വന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെയും സലിം കുമാര്‍ പ്രതികരിച്ചു. വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ആളുകള്‍ എന്‍റെ പതിനാറടിയന്തിരം നടത്തുന്നത് കണ്ട് കണ്ണ് തള്ളിപ്പോയ ആളാണ് താനെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ യുവതലമുറ എന്ന നിലക്ക് നിങ്ങള്‍ പ്രതികരിക്കണമെന്നും സലിം കുമാര്‍ പറഞ്ഞു. അസുഖം ബാധിച്ച് തീവ്രപരിചരണ യൂണിറ്റില്‍ കിടന്നത് വലിയൊരു വഴിത്തിരിവായിരുന്നെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. ആളുകളെ ഏറെ ചിന്തിപ്പിക്കുന്ന സലിം കുമാറിന്‍റെ പ്രസംഗം എന്തായാലും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. സിനിമയില്‍ ചിരിപ്പിക്കുകയും ജീവിതത്തില്‍ ചിന്തിപ്പിക്കുകയും ചെയ്യുന്ന നടനാണ് സലിം കുമാറെന്നാണ് ആരാധകര്‍ വീഡിയോ കണ്ട ശേഷം പ്രതികരിച്ചത്.