വൈറ്റില പാലം ഉദ്‌ഘാടനം വൈകുന്നതിൽ വലിയ രീതിയിൽ വിമർശനം നേരിട്ടിരുന്നുവെങ്കിലും പിന്നീട് വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ പൊതുഗതാഗതത്തിന് തുറന്നുകൊടുത്ത സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ ട്രോളുകളും പോസ്റ്റുകളും നിറഞ്ഞിരുന്നു. ട്രോളുകളിൽ ഏറ്റവുമധികം ശ്രദ്ധയാകർഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പങ്കുവെച്ച ചിത്രമായിരുന്നു.
മേൽപാലത്തിലൂടെ ഉയരമുള്ള വാഹനങ്ങൾ കടന്നു പോകുമ്പോൾ മെട്രോ ഗർഡറിൽ തട്ടുമെന്ന പ്രചാരണത്തിന് മറുപടിയായിരുന്നു മുഖ്യമന്ത്രി പോസ്റ്റ് ചെയ്‌ത ചിത്രം. മെട്രോ ഗർഡറിനു താഴേക്കൂടി ഒരു കണ്ടെയ്നർ ലോറി കടന്നുപോകുന്ന ചിത്രമായിരുന്നു അത്.
എന്നാൽ, ഇപ്പോഴിതാ വൈറ്റില മേൽപ്പാലത്തിലൂടെയുള്ള യാത്രാനുഭവം പങ്കുവെക്കുകയാണ് നടൻ സാബുമോൻ. വൈറ്റില മേൽപ്പാലത്തിലൂടെ യാത്ര ചെയ്തപ്പോൾ 'തലനാരിഴ'യ്ക്ക് രക്ഷപെടുകയായിരുന്നുവെന്ന് സാബുമോൻ പറയുന്നു. ഒപ്പം യാത്രയുടെ വീഡിയോയും ബിഗ് ബോസ് ഫെയിം ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. തല ഇടിച്ചു ചിതറി മരിച്ചേനെയെന്നും മുന്നറിയിപ്പ് തന്ന വി ഫോറിന് നന്ദിയുണ്ടെന്നും സാബുമോൻ വീഡിയോക്കൊപ്പം കുറിച്ചു.
വൈറ്റില പാലത്തിലൂടെ ഉയരമുള്ള വാഹനങ്ങൾ കടന്നുപോകാനാകില്ലെന്ന് പറഞ്ഞവരെ സാബുമോൻ കളിയാക്കിയതാണ് ശരിക്കും വീഡിയോയിലൂടെ. വൈറ്റില പാലത്തിന്‍റെ നിർമാണത്തെ വിമർശിച്ചവർക്കുള്ള മറുപടിയായിരുന്നു സാബുമോന്‍റെ വീഡിയോ.