റൗഡി ബേബി തരംഗം അവസാനിക്കുന്നില്ല. സായ് പല്ലവി- ധനുഷ് ജോഡികളുടെ കിടിലൻ ഡാൻസ് രംഗങ്ങളുമായി നവമാധ്യമങ്ങളിൽ വൈറലായ "റൗഡി ബേബി" ഗാനത്തിന് പുതിയ റൊക്കോഡ്. തെന്നിന്ത്യൻ ഭാഷയിൽ 1 ബില്യൺ കാഴ്‌ചക്കാരെ നേടുന്ന ആദ്യ ഗാനമെന്ന ഹിറ്റ് റെക്കോഡാണ് തമിഴ് ചിത്രം മാരി 2വിലെ വീഡിയോ ഗാനം സ്വന്തമാക്കിയത്.
'റൗഡി ബേബി'ക്ക് ചരിത്ര റെക്കോഡ് - maari 2 song
തെന്നിന്ത്യൻ ഭാഷയിൽ 100 കോടി കാഴ്‌ചക്കാരുള്ള ആദ്യ ഗാനമെന്ന റെക്കോഡ് റൗഡി ബേബി സ്വന്തമാക്കി.
2019ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കൽ വീഡിയോ എന്ന നേട്ടം നേരത്തെ റൗഡി ബേബി നേടിയിരുന്നു. യുവാൻ ശങ്കർ രാജയുടെ സംഗീതവും നടൻ ധനുഷും ദീയും ചേർന്നുള്ള ആലാപനവും പ്രഭുദേവയുടെ നൃത്തസംവിധാനവും ഒപ്പം സായ് പല്ലവിയുടെയും ധനുഷിന്‍റെയും ചടുലനൃത്തങ്ങളുമാണ് തമിഴ് ഗാനത്തിനെ വ്യത്യസ്‌തമാക്കിയത്. 2019 ജനുവരി രണ്ടിന് യൂട്യൂബിൽ റിലീസ് ചെയ്‌ത ഗാനത്തിലെ റൗഡി ബേബിയായ സായ് പല്ലവിയുടെ പ്രകടനം പ്രേക്ഷകരെ വിസ്‌മയിപ്പിച്ചുവെന്നതും എടുത്തുപറയേണ്ടത് തന്നെയാണ്.
ഗാനം 100 കോടി കാഴ്‌ചക്കാരെ സ്വന്തമാക്കിയ വിശേഷം നടൻ ടൊവിനോ തോമസും സായ് പല്ലവിയും ധനുഷും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. മാരി 2വിന്‍റെ റെക്കോഡ് നേട്ടത്തിനൊപ്പം ധനുഷിലെ ഗായകനെ പ്രശസ്‌തനാക്കിയ കൊലവെറി ഗാനം പുറത്തിറങ്ങി ഇന്ന് ഒമ്പത് വർഷം പൂർത്തിയാക്കിയ സന്തോഷവും ധനുഷ് തന്‍റെ ട്വീറ്റിലൂടെ അറിയിച്ചു.