സ്ഫടികത്തിലെ ആട് തോമയുടെ ചെറുപ്പകാലം അവതരിപ്പിച്ച് സുപരിചിതനായ നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ വീണ്ടും നായകനാകുന്നു. 'എസ് 376 ഡി' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. അര്‍ധരാത്രയില്‍ ഒരു ഒഴിഞ്ഞ പ്രദേശത്ത് വെച്ച് ഒരു ചെറുപ്പക്കാരനെ പൊലീസ് പിടികൂടുന്നതും അവര്‍ തമ്മില്‍ നടക്കുന്ന സംഭാഷണങ്ങളുമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നക്‌സല്‍ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുകയെന്നാണ് റിപ്പോര്‍ട്ട്.
'ഏറെ സന്തോഷത്തോടെ ടീസര്‍ പങ്കുവെക്കുന്നു. വലിയ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ചിത്രത്തിലേത്' ടീസര്‍ പങ്കുവെച്ച് രൂപേഷ് പീതാംബരന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. വിനോദ് കൃഷ്‍ണന്‍റെ തിരക്കഥയില്‍ നവാഗതനായ അനുഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ശ്യാം അമ്പാടിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. രൂപേഷിന് ഒപ്പം ഹരികൃഷ്‍ണൻ സാനുവും പ്രധാന കഥാപാത്രമായി സിനിമയില്‍ എത്തുന്നു. സിനിമയുടെ റിലീസ് തിയ്യതി പുറത്തുവിട്ടിട്ടില്ല.