ലോക കായിക വേദികളില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ സ്പ്രിന്‍റര്‍ മില്‍ഖാ സിംഗിന്‍റെ വേര്‍പാടില്‍ വിതുമ്പുകയാണ് രാജ്യം. 91 കാരനായ മില്‍ഖാ സിങ് കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്തരിച്ചത്. ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്‍റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗര്‍ അഞ്ച് ദിവസം മുമ്പ് മരിച്ചിരുന്നു.
ഇന്ത്യയ്‌ക്ക് അഭിമാനമായ ഫ്ലൈയിങ് സിങിന് ആദാരാഞ്ജലികള്‍ നേരുകയാണ് സിനിമാ ലോകം. ഫര്‍ഹന്‍ അക്തര്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര, ഷാരൂഖ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ കുറിപ്പുകളും പങ്കുവെച്ചു.
2013ല്‍ ദേശീയ പുരസ്‌കാരം നേടിയ ഭാഗ് മില്‍ഖ ഭാഗ് എന്ന ബയോപിക് മില്‍ഖാ സിങിന്‍റെ ജീവിതമായിരുന്നു പ്രമേയമാക്കിയിരുന്നത്. രക്യേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ഫര്‍ഹാന്‍ അക്തറായിരുന്നു മില്‍ഖാ സിങിന്‍റെ അവിസ്മരണീയമാക്കിയത്.
സിനിമയുമായി ബന്ധപ്പെട്ട് മില്‍ഖാ സിങിനെ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഫര്‍ഹാന്‍ അക്തര്‍ അദ്ദേഹത്തെ കുറിച്ച് ഓര്‍മകള്‍ പങ്കുവെച്ചത്.
മില്‍ഖാ സിങിനെ കുറിച്ചുള്ള വാക്കുകള്‍
'താങ്കള്‍ ഇന്ന് ഈ ലോകത്തില്ല എന്നത് വിശ്വസിക്കാനാവുന്നില്ല' എന്നാണ് ഫര്‍ഹാന്‍ എഴുതിയത്. 'നിങ്ങളുടെ കഥ നിരന്തരമായ പ്രചോദനം പകരുന്നതും വിജയത്തിലും വിനയം കാത്തുസൂക്ഷിക്കേണ്ടതെങ്ങനെ എന്ന് ഓർമപ്പെടുത്തുന്നതുമാണ്. 'നിങ്ങളെ ഞാന്‍ അകമഴിഞ്ഞ് സ്നേഹിക്കുന്നു' ഫഹര്‍ഹാന്‍ കുറിച്ചു.
'മിൽഖാ സിങ്‌ജിയുടെ നിര്യാണത്തെക്കുറിച്ച് കേട്ടത് വല്ലാതെ വിഷമിപ്പിക്കുന്നു. ഫ്ലൈയിങ് സിങ്... സ്വർഗത്തിൽ ഒരു സുവർണ ഓട്ടം നടത്താനാകട്ടെ... ഓം ശാന്തി, സർ...' നടന്‍ അക്ഷയ് കുമാര്‍ കുറിച്ചു.
'മില്‍ഖാ ജിയെ ആദ്യം സന്ദര്‍ശിച്ചപ്പോള്‍ തന്നെ അത് വളരെ സവിശേഷമായിരുന്നു. നിങ്ങളുടെ മികവിനാൽ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങളുടെ വിനയത്താൽ സ്പർശിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ രാജ്യത്തിന് നിങ്ങൾ നൽകിയ സംഭാവനകളെ ഓര്‍ക്കുന്നു. മില്‍ഖാ ജിയുടെ കുടുംബത്തിന് സ്നേഹവും പ്രാർഥനയും' പ്രിയങ്ക ചോപ്ര കുറിച്ചു.
മെഗാസ്റ്റാർ ഷാരൂഖ് ഖാനും ട്വിറ്ററിൽ സിങിന് വൈകാരികമായി ആദരാഞ്ജലി അർപ്പിച്ചു. 'ഫ്ലൈയിങ് സിങ് ഇനി നമ്മോടൊപ്പമുണ്ടായിരിക്കില്ല... പക്ഷേ അദ്ദേഹത്തിന്‍റെ സാന്നിധ്യം എല്ലായ്പ്പോഴും അനുഭവപ്പെടും... അദ്ദേഹത്തിന്‍റെ പാരമ്പര്യം സമാനതകളില്ലാതെ തുടരും... എനിക്കും ദശലക്ഷക്കണക്കിന് ആളുകൾക്കും അദ്ദേഹം പ്രചോദനമാണ്. സമാധാനത്തിൽ വിശ്രമിക്കുക മിൽഖാ സിങ് സർ....' ഷാരൂഖ് കുറിച്ചു.