സ്ത്രീപക്ഷ എഴുത്തുകാരിയും സാമൂഹ്യനിരീക്ഷകയും ചരിത്രകാരിയുമായ ഡോ.ജെ ദേവികയെ വനിതാ കമ്മിഷൻ അധ്യക്ഷയാക്കണമെന്ന് നടി റിമ കല്ലിങ്കൽ. പരാതിക്കാരിയോട് മോശമായി പെരുമാറിയതിന് പിന്നാലെയുയർന്ന പ്രതിഷേധങ്ങളുടെയും വിമർശനങ്ങളുടെയും ഫലമായി എം.സി ജോസഫൈൻ വനിത കമ്മിഷൻ അധ്യക്ഷ രാജിവച്ചതിനാലാണ് പകരം സ്ഥാനത്തേക്ക് ആര് വരുമെന്ന ചർച്ചകളും ചൂട് പിടിക്കുന്നത്.
വിമൺ ഓഫ് ഡിഫറന്‍റ് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിൽ സ്‌ത്രീകൾക്കെതിരെ പ്രചരിക്കുന്ന തേപ്പ് ഉൾപ്പെടെയുള്ള പദപ്രയോഗങ്ങളെ കുറിച്ച് ജെ. ദേവിക സംസാരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് റിമ തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു റിമയുടെ പ്രതികരണം.
ജോസഫൈനെതിരെ പ്രതിഷേധവും പിന്നാലെ രാജിയും
സമൂഹമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ജോസഫൈന്‍റെ വീഡിയോ സംസാരവിഷയമാവുകയും വലിയ പ്രതിഷധങ്ങൾക്ക് കാരണമാവുകയും ചെയ്‌തതോടെയാണ് ജോസഫൈന് രാജി വക്കേണ്ടിവന്നത്. സിപിഐ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എം.സി ജോസഫൈൻ അധികാരത്തിൽ തുടരുന്നതിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളടക്കം വിയോജിച്ചിരുന്നതായാണ് വിവരം.