67-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ തമിഴ് ചിത്രം ഒത്ത സെരുപ്പ് സൈസ് 7ലൂടെ രണ്ട് മലയാളികളാണ് പുരസ്കാരനേട്ടം കൈവരിച്ചത്. ചിത്രത്തിന്‍റെ ശബ്ദമിശ്രണം നിർവഹിച്ചത് ഓസ്കർ ജേതാവായ റസൂൽ പൂക്കുട്ടിയും ബിബിൻ ദേവുമാണ്. എന്നാൽ, പുരസ്കാര പ്രഖ്യാപന ചടങ്ങിൽ റസൂൽ പൂക്കുട്ടിയുടെ പേര് മാത്രമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. പ്രഖ്യാപനത്തിന് ശേഷം ചിത്രത്തിൽ തന്‍റെ വലംകൈയായിരുന്ന ബിബിൻ ദേവും അവാർഡിന് അർഹനാണെന്ന് റസൂൽ പൂക്കുട്ടി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
"ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിലെ ശബ്‌ദമിശ്രണത്തിന് ദേശീയ അവാർഡ് നേടിയെന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു. ഈ അവാർഡ് ശബ്‌ദമിശ്രണത്തിൽ എന്‍റെ വലതുകൈയായിരുന്ന ബിബിൻ ദേവുമായി പങ്കിടുന്നു. ബിബിൻ ദേവില്ലാതെ 67-ാമത് ദേശീയ ചലച്ചിത്ര അവാർഡിന് അർഹത നേടില്ലായിരുന്നു... എനിക്കൊപ്പം പ്രവർത്തിച്ച അമൃത് പ്രീതം, വിജയ് കുമാർ, കരൺ അർജുൻ സിംഗ്, ജഗദീഷ് നാച്‌നേക്കർ, സായികുമാർ എന്നിവർക്കും തിരക്കുകൾക്കിടയിലും എനിക്കൊപ്പമുണ്ടായിരുന്ന എഡിആർ സൂപ്പർവൈസർ രചിത് മൽഹോത്ര എന്നിവർക്കും ഈ അവാർഡ് സമർപ്പിക്കുന്നു. എല്ലാത്തിനുമുപരി സിനിമയുടെ സംവിധായകൻ പാർത്ഥിപൻ, നിങ്ങളുടെ കാഴ്ചപ്പാടിനും സിനിമയെ ഈ നിലവാരത്തിലേക്ക് എത്തിച്ച അധ്വാനത്തിനും ഈ അവാർഡ് അർഹതപ്പെട്ടതാണ്. കൃഷ്ണമൂർത്തി, എഡിആർ പരീക്ഷണങ്ങൾക്ക് സ്റ്റുഡിയോ അനുവദിച്ച ലിസി ലക്ഷ്മി എന്നിവർക്കും നന്ദി.." റസൂൽ പൂക്കുട്ടി കുറിച്ചു.
ശബ്ദമിശ്രണത്തിനുള്ള ദേശീയ അവാർഡിനെ കുറിച്ച് പരാമർശിക്കുമ്പോൾ ബിബിൻ ദേവിന്‍റെ പേര് ഉൾപ്പെടുത്തണമെന്ന് ട്വിറ്ററിലൂടെ റസൂൽ പൂക്കുട്ടി മാധ്യമസുഹൃത്തുക്കളോട് വ്യക്തമാക്കി. ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ പുരസ്കാരത്തിന് അർഹനായിട്ടും സാങ്കേതിക പിഴവുകൾ കാരണം ലിസ്റ്റിൽ നിന്ന് പേര് അപ്രത്യക്ഷമായിരുന്നു. ഒടിയൻ, യന്തിരൻ 2.0, കമ്മാരസംഭവം ചിത്രങ്ങളുടെ ഭാഗമായും മലയാളിയായ ബിബിൻ ദേവ് പ്രവർത്തിച്ചിട്ടുണ്ട്.