ബെംഗളൂരു: പ്രശസ്‌ത ഗായിക ശ്യാമള ജി ഭാവെ (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്‌ച രാവിലെ ബെംഗളൂരുവിലെ വസതിയില്‍ വെച്ചാണ് മരിച്ചത്. കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയത്. പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലും കര്‍ണാടിക് സംഗീതത്തിലും ഒരുപോലെ മികവ് തെളിയിച്ച അതുല്യ ഗായികയാണ് ശ്യാമള ജി ഭാവെ.
ഗായിക ശ്യാമള ജി ഭാവെ അന്തരിച്ചു
ഹിന്ദുസ്ഥാനി സംഗീതത്തിലും കര്‍ണാടിക് സംഗീതത്തിലും ഒരുപോലെ മികവ് തെളിയിച്ച അതുല്യ ഗായികയാണ് ശ്യാമള ജി ഭാവെ. ഒമ്പത് ഭാഷകളിലായി 1,500ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
പിതാവ് ഗോവിന്ദ് വിത്തലായിരുന്നു ഹിന്ദുസ്ഥാനി സംഗീതത്തിൽ ശ്യാമളയുടെ ഗുരു. അമ്മ ലക്ഷ്‌മി ഭാവെയും ക്ലാസിക്കൽ ഗായികയായിരുന്നു. പ്രശസ്‌ത ഗായകരായ എ.സുബ്ബരയ്യയുടെയും ബി.ദോറെസ്വാമിയുടെയും അടുത്ത് നിന്നാണ് ശ്യാമള കര്‍ണാടിക് സംഗീതം അഭ്യസിച്ചത്. ആറുവയസില്‍ മുതല്‍ സംഗീത മത്സരത്തില്‍ വിജയിച്ച ശ്യാമള ജി ഭാവെ പന്ത്രണ്ടാം വയസ് മുതല്‍ സംഗീത പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി. ഒമ്പത് ഭാഷകളിലായി 1,500ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും ശ്യാമള ജി ഭാവയെ തേടിയെത്തിയിട്ടുണ്ട്.
കർണാടക രാജ്യോത്സവ, ഗാന മാധുരി, കർണാടക സംഗീത നാട്യ അക്കാദമിയുടെ കർണാടക കലാ തിലക തുടങ്ങി അമേരിക്കയിലെ ഹൂസ്റ്റൺ സർവകലാശാലയിൽ നിന്ന് ഓണററി ഡോക്‌ടറേറ്റ് ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. മൈസൂരിലെ പത്തൊൻപതാമത്തെ ദിവാനായ സർ എം വിശ്വേശ്വരയ്യ "ഉഭയ ഗാന വിദൂഷി" പദവി നൽകിയും ശ്യാമള ജി ഭാവെയെ അംഗീകരിച്ചിട്ടുണ്ട്.