മലയാളിയുടെ ചലചിത്ര ആസ്വാദന നിലവാരത്തെ പരിപോഷിപ്പിക്കുന്നതില്‍ നിസ്തുലമായ പങ്കായിരുന്നു ഒരു കാലത്ത് ഫിലിം സൊസൈറ്റികള്ക്കുണ്ടായിരുന്നത്. അകിര കുറോസോവയേയും ലൂയി ബ്യൂനുവലിനേയും ഇംഗ്മര് ബര്‍ഗ് മാനേയും കീസ്ലോവ്സ്കിയേയും ഴാങ്ങ് ലൂക്ക് ഗോദര്ദിനേയും പോലുള്ള ലോക സിനിമയിലെ മഹാരഥന്മാരെ മലയാളികൾക്ക് ചിരപരിചിതമാക്കി കൊടുത്ത പോലെ, തിയറ്ററുകൾ നിരസിക്കുകയോ ഉച്ചപ്പടമെന്ന് മുദ്രകുത്തപ്പെടുകയോ ചെയ്ത് അവഗണിക്കപ്പെട്ടിരുന്ന കലാമൂല്യമുള്ള സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ക്കും വലിയൊരു ആശ്രയമായിരുന്നു ഇത്തരം ഫിലിം സൊസൈറ്റികള്‍. എന്നാല്‍ ടെലിവിഷന്റേയും വീഡിയോ ലൈബ്രറികളുടേയും കടന്നുവരവോടെ നാടിന്റെ മുക്കിലും മൂലകളിലും ഉണ്ടായിരുന്ന ഇത്തരം ഫിലിം സൊസൈറ്റികള്‍ പതുക്കെ വിസ്മൃതിയിലേക്ക് മറഞ്ഞു.
എന്നാല്‍ ഈ അടുത്ത കാലത്ത് പ്രാദേശിക ഭാഷകളില്‍ ആരംഭിച്ചിരിക്കുന്ന ചില ഒടിടി പ്ലാറ്റ്ഫോമുകള് മുന്‍ കാലങ്ങളില്‍ ഫിലിം സൊസൈറ്റികള്‍ നിർവഹിച്ചിരുന്ന പങ്കാണ് ഇപ്പോള്‍ ചെയ്യുന്നത്. ചെറുകിട സിനിമകള്‍ക്കും സമാന്തര സിനിമകള്‍ക്കും ചെറിയ ബാനറുകളില്‍ നിര്‍മിക്കുന്ന സിനിമകള്‍ക്കുമൊക്കെ പ്രേക്ഷകരെ നേടി കൊടുക്കുന്നത് ഇത്തരം ഒടിടി പ്ലാറ്റ്ഫോമുകളാണ്. കൊവിഡ് മൂലമുണ്ടായ നിയന്ത്രണങ്ങള്‍ ഇത്തരം ഒടിടി പ്ലാറ്റ്ഫോമുകള് ആരംഭിക്കുന്നതിന് വഴിയൊരുക്കിയെന്ന് വേണം പറയാന്‍. ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി നാള്‍ക്കുനാള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ തിയേറ്ററുകള്‍ വീണ്ടും തുറന്നത് അവയുടെ നിലനില്‍പ്പിന് പ്രതിസന്ധിയായേക്കുമെന്നാണ് വ്യവസായ മേഖലയിലെ വിദഗ്ധര്‍ കരുതുന്നത്. വന്‍കിട ബാനറുകളില്‍ നിര്‍മിക്കുന്ന നിരവധി സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് വേണ്ടി ക്യൂ നില്ക്കുമ്പോള് തങ്ങളുടെ കൊച്ച് സിനിമകള്‍ക്ക് വേദി കണ്ടെത്തുവാന്‍ കുഴങ്ങുന്ന ചെറുകിട ബാനറുകള്‍ക്ക് എക്കാലവും ഒടിടി പ്ലാറ്റ്ഫോമുകള് ആശ്രയമാണ്.
ഈ അടുത്ത കാലത്ത് ആരംഭിച്ച മലയാള ഭാഷക്ക് മാത്രമായുള്ള രണ്ട് ഒടിടികളായ നീ സ്ട്രീമും പ്രൈം റീല്‍സും താരമൂല്യമോ വന്‍കിട ബാനറുകളോ നോക്കിയല്ല ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് മറിച്ച് ഉള്ളടക്കത്തിന്റെ നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ്. 'ഉള്ളടക്കത്തിന്റെയും ആവിഷ്കാരത്തിന്റെയും നിലവാരമാണ് ഞങ്ങള്‍ പരിഗണിക്കുന്നത്. ആമസോണും നെറ്റ്ഫ്ലിക്സും ഒരുപോലെ തള്ളി കളഞ്ഞ സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. എന്നാല്‍ അത് നല്ല നിലവാരമുള്ള സിനിമയാണെന്നും മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത അതിന് നേടിയെടുക്കാന്‍ കഴിയുമെന്നും ഞങ്ങള്‍ മനസിലാക്കി...' നീ സ്ട്രീമിന്റെ കേരള റീജിയണല്‍ ഹെഡ്ഡായ ചാള്‍സ് ജോര്‍ജ് പറഞ്ഞു. ദേശീയ പുരസ്കാര ജേതാവ് സുരാജ് വെഞ്ഞാറമൂടും സംസ്ഥാന പുരസ്കാര ജേതാവ് നിമിഷ സജയനും മുഖ്യ വേഷങ്ങളില്‍ എത്തിയ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മലയാളി പ്രേക്ഷകരുടെ കാഴ്ച ശീലങ്ങളെ മാറ്റി മറിക്കുകയും കേരളീയ സമൂഹത്തിലെ പുരുഷാധിപത്യത്തെ കുറിച്ചും സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ക്രൂരതകളെ കുറിച്ചുമെല്ലാം വലിയ സംവാദങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വിഷയമായി മാറിയപ്പോള്‍ നീ സ്ട്രീമിന്റെ ജനപ്രീതിയും സബ്സ്ക്രിപ്ഷനും ഒരുപോലെ വര്‍ധിച്ചു. 'ഞങ്ങളുടെ വരിക്കാരില്‍ മിക്കവരും പുതുതായി പുറത്തിറങ്ങുന്ന മലയാള സിനിമകള്‍ കാണാന്‍ വഴിയില്ലാത്ത മറുനാടന്‍ മലയാളികളാണ്. ജനങ്ങള്‍ എന്നും നിലവാരമുള്ള ഉള്ളടക്കത്തെ സ്വീകരിക്കാറുണ്ട്' ചാള്‍സ് ജോര്‍ജ് കൂട്ടിച്ചേര്‍ക്കുന്നു.
കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒടിടി പ്ലാറ്റ്ഫോമായ പ്രൈം റീല്‍സും സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ക്കാണ് ഇടം നല്‍കുന്നത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന 'ദി കണ്‍ഫെഷന്‍സ് ഓഫ് എ കുക്കൂ' ആണ് അവരുടെ ഏറ്റവും പുതിയ റിലീസ്. ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകുന്ന കുട്ടികളിൽ ഭൂരിഭാഗവും അവരുടെ ഏറ്റവും അടുത്ത ബന്ധുക്കളിൽ നിന്നാണ് അത് നേരിടുന്നത് എന്നുള്ളതാണ് സത്യം. ജെ. ജിതിന് പ്രകാശ് സംവിധാനം ചെയ്ത ഈ സിനിമ അത്തരമൊരു പ്രമേയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നവാഗത സംവിധായകന്റെ സിനിമയായിട്ട് കൂടി വിഷയത്തെ ബഹുമാനിച്ച് പ്രൈം റിലീസ് സിനിമ ഏറ്റെടുക്കുകയായിരുന്നു.
കച്ചവടപരമായി പരാജയപ്പെടുന്ന ഒട്ടേറെ നല്ല സിനിമകള്‍ പുറത്തിറക്കുന്ന ഒരു ഭാഷയാണ് മലയാളം. അതിശക്തരായ വിതരണ ലോബി ഇത്തരം സിനിമകളെയെല്ലാം തിയേറ്ററുകളില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ ചരട് വലിക്കുന്നുണ്ട്. സാമ്പത്തിക ലാഭം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന കാരണം പറഞ്ഞാണ് പല സിനിമകളെയും ഇത്തരം ലോബികള്‍ ഒഴിവാക്കുന്നത്. തിയേറ്ററുകളില്‍ എത്തുന്ന അത്തരം സിനിമകള്‍ക്ക് ഇപ്പോഴും ഒന്നോ രണ്ടോ ആഴ്ചയില്‍ കൂടുതല്‍ നിലനില്ക്കാനും സാധിക്കുന്നില്ല. ഇവിടെയാണ് പ്രാദേശിക ഒടിടി പ്ലാറ്റ്ഫോമുകള് ഇത്തരം കൊച്ചുസിനിമകള്ക്ക് ജീവവായു ആകുന്നത്. നല്ല സിനിമകള്‍ക്ക് ദീര്‍ഘകാലം പ്രദര്‍ശനത്തിന് അവസരമൊരുക്കുക കൂടിയാണ് ഇത്തരം ഒടിടി പ്ലാറ്റ്ഫോമുകള്. കൂടാതെ ഇത്തരം നല്ല സിനിമകള്‍ സാമ്പത്തിക ലാഭവും ഉണ്ടാക്കുന്നുണ്ടെന്നാണ് വ്യവസായ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ് ചെയ്തതോട് കൂടി നീ സ്ട്രീമിന്റെ വരിക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പ്രൈം റീലും ഒട്ടേറെ നല്ല സിനിമകള്‍ക്ക് വേദി ഒരുക്കുന്നുണ്ട്. താരമൂല്യത്തിന്റെ പകിട്ടൊന്നും കാട്ടാതിരിക്കുമ്പോള്‍ നിലവാരമുള്ള സിനിമകള്‍ക്ക് ലഭിക്കുന്ന വലിയ സ്വീകാര്യത, തങ്ങള്‍ തെരഞ്ഞെടുക്കുന്ന സിനിമകളുടെ കാര്യത്തില്‍ നിശ്ചിത നിലവാരം പുലര്‍ത്തി മുന്നോട്ട് പോകുവാനുള്ള ധൈര്യം എന്നിവ പ്രാദേശിക ഒടിടികള്‍ക്ക് നല്കുന്നു. വന്‍കിട ബാനറുകളുടെ പേരില്‍ പുറത്തിറക്കുന്ന അതിവൈകാരികത ഉള്ളടക്കമാക്കിയ സിനിമകളുമായാണ് വന്‍കിട ഒടിടി പ്ലാറ്റ്ഫോമുകള് എത്തുന്നതെങ്കില്‍ സിനിമാ വ്യവസായ മേഖലയിലെ ചെറുകിടക്കാരെ കൂട്ടുപിടിച്ചുകൊണ്ട് ഒരു വ്യത്യസ്ഥമായ പാത പിന്തുടരുകയാണ് പ്രാദേശിക ഒടിടികള്‍.
'ഞങ്ങളെ പിന്തുണക്കാന്‍ നീ സ്ട്രീം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നെറ്റ്ഫ്ലിക്സും ആമസോണും തള്ളി കളഞ്ഞപ്പോള്‍ എന്റെ സിനിമയുടെ വിധിയെ കുറിച്ച് ഞാന്‍ ഏറെ ഉത്കണ്ഠപ്പെട്ടിരുന്നു' ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ സംവിധായകന് ജിയോ ബേബി പറയുന്നു. ആമസോണും നെറ്റ്ഫ്ലിക്സും തന്റെ സിനിമ തള്ളി കളഞ്ഞതിന് കുറ്റം പറയാന്‍ കഴിയുകയില്ല എന്നും അദ്ദേഹം പറഞ്ഞു. 'ടെലഗ്രാമും അതുപോലുള്ള ചില മാധ്യമങ്ങളും പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ അവര്‍ക്ക് വ്യക്തമായും സംശയങ്ങള്‍ ഉണ്ടായിരുന്നു. സിനിമയുടെ സാമ്പത്തിക ലാഭത്തെ കുറിച്ച് തീര്‍ച്ചയായും അവര്‍ ചിന്തിച്ച് കാണും' ജിയോ ബേബി പറയുന്നു.
എന്നാല്‍ നീ സ്ട്രീമുകാര് സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് മാത്രമേ ചര്‍ച്ച ചെയ്തുള്ളൂവെന്നും വളരെ സൗഹാര്‍ദ്ദപരമായ സമീപനമായിരുന്നു അവരുടേതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 'ഇത്രയും വലിയ ഒരു ചര്‍ച്ചക്ക് കാരണമായി മാറും എന്റെ സിനിമ എന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എങ്കിലും ഗൗരവകരമായ ഒരു ചര്‍ച്ചക്ക് തുടക്കമിടാന്‍ പോന്ന ഒരു വിഷയമാണ് എന്റെ സിനിമ കൈകാര്യം ചെയ്യുന്നത് എന്ന് എനിക്ക് അറിയാമായിരുന്നു. നീ സ്ട്രീം അധികൃതരോടും ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു' അദ്ദേഹം പറഞ്ഞു. തിയേറ്ററുകളില്‍ റിലീസ് ചെയ്യുമ്പോള്‍ ഉണ്ടാകുന്നതില്‍ നിന്നും വ്യത്യസ്ഥമായി രാജ്യത്താകമാനവും വിദേശങ്ങളിലുമുള്ള കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമയെ എത്തിക്കാന്‍ ഒടി ടി പ്ലാറ്റ്ഫോം ജിയോ ബേബിയെ സഹായിച്ചു. 'തിയേറ്ററുകളില്‍ പോയി സിനിമ കാണാന്‍ പറ്റാത്ത സ്ത്രീകള്‍ക്കും തങ്ങളുടെ വീടുകളില്‍ ഇരുന്ന് സിനിമ കണ്ട് അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞുവെന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു' ജിയോ ബേബി പറഞ്ഞു.
നല്ല നിലവാരമുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ മാത്രമല്ല പ്രാദേശിക ഒടിടികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വെബ് പരമ്പരകളും പ്രദര്‍ശിപ്പിച്ച് നിലവാരമുള്ള ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കാനും അവര്‍ തയ്യാറെടുക്കുകയാണ്. നിലവാര തകര്‍ച്ചയുടെ പേരില്‍ കേരളത്തിലെ ടെലിവിഷന്‍ പരമ്പരയുടെ മേഖല കടുത്ത വിമര്‍ശനം നേരിട്ട് കൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ നല്ല നിലവാരമുള്ള, ഉള്ളടക്കമുള്ള വെബ് പരമ്പരകളിലൂടെ ഈ മേഖലക്ക് പുതുജീവന്‍ നല്കുവാന് ഒടിടികള്‍ക്ക് കഴിയുമെന്നാണ് കരുതപ്പെടുന്നത്. 'നിലവില്‍ ഏകദേശം നാല് വെബ് പരമ്പരകളെങ്കിലും ഞങ്ങളുടേതായി നിര്‍മാണ ഘട്ടത്തിലുണ്ട്. ഇവിടേയും ഉള്ളടക്കത്തിന്റെ നിലവാരം മാത്രമാണ് ഞങ്ങള്‍ പരിഗണിച്ചത്. ഒരു വെബ് പരമ്പര സ്വീകരിക്കുന്നതിന് മുമ്പ് അതിന്റെ 18 എപ്പിസോഡെങ്കിലും ഞങ്ങള്‍ കാണും' നീ സ്ട്രീമിന്റെ ചാള്‍സ് ജോര്‍ജ് പറഞ്ഞു.
അതേ സമയം 'കൂടെ' പോലെയുള്ള ചില ഒടിടികള്‍ ഒരു ചുവട് കൂടി മുന്നോട്ട് വെച്ചുകൊണ്ട് ഹ്രസ്വ സിനിമകള്‍ക്കും സംഗീത ആല്‍ബങ്ങള്‍ക്കും വെബ് പരമ്പരകള്‍ക്കും വേദി ഒരുക്കി ഉപഭോക്താക്കള്‍ക്ക് കാഴ്ചയുടെ വൈവിധ്യമാര്‍ന്ന രുചിഭേദങ്ങൾ സമ്മാനിക്കാനും അണിയറയില്‍ തയ്യാറെടുക്കുകയാണ്.