എല്ലാ തരത്തിലും തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു പുതുമുഖങ്ങളെ അണിനിരത്തി ഒമര്‍ലുലു സംവിധാനം ചെയ്‌ത ഒരു അഡാറ് ലവ്. ഇപ്പോള്‍ ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ലോക്ക് ഡൗണ്‍ കാലത്ത് യുട്യൂബില്‍ റിലീസ് ചെയ്‌ത ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന് അഞ്ച് കോടിലേറെ കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. യുട്യൂബില്‍ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന ഒരു അഡാറ് ലവ്വിന്‍റെ തെലുങ്ക് പതിപ്പിന്‍റെ പേര് ലവേഴ്‌സ് ഡേ എന്നാണ്.
ജൂണ്‍ 12നാണ് തെലുഗു ഫിലിംനഗര്‍ എന്ന യുട്യൂബ് ചാനലിലൂടെ മൊഴിമാറ്റം ചിത്രത്തിന്‍റെ പ്രദര്‍ശനം ആരംഭിച്ചത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പതിനായിരക്കണക്കിന് കമന്‍റുകളാണ് ലിങ്കിന് താഴെ വന്നിരിക്കുന്നത്. 4.3 ലക്ഷത്തിലേറെ ലൈക്കുകള്‍ നേടി. മലയാളത്തില്‍ മാത്രമായാണ് ചിത്രം ആദ്യം ഒരുക്കിയത്. 'മാണിക്യമലരായ പൂവെ' എന്ന ഗാനത്തിലൂടെ പ്രിയ വാര്യര്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടടതോടെയാണ് ചിത്രം വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി പുറത്തിറക്കിയത്. മലയാളത്തില്‍ കാര്യമായ വിജയം നേടാന്‍ ചിത്രത്തിനായില്ല.
റോഷന്‍ അബ്ദുള്‍ റഹൂഫ്, നൂറിന്‍ ഷെറീഫ്, സിയാദ് ഷാജഹാന്‍, മാത്യു ജോസഫ്, അരുണ്‍ എ കുമാര്‍ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം വാലന്‍റൈന്‍സ് ഡേയ്ക്കായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. സിനിമയുടെ യുട്യൂബ് വിജയത്തെ കുറിച്ച് സംവിധായകന്‍ ഒമര്‍ലുലുവും സോഷ്യല്‍മീഡിയ വഴി അറിയിച്ചിട്ടുണ്ട്. ഒമര്‍ലുലു ഇപ്പോള്‍ ഒരു ഹിന്ദി ആല്‍ബം സോങിന്‍റെ പണിപ്പുരയിലാണ്.