നായകൻ- അല്ലു അർജുൻ, പ്രതിനായകൻ- ഫഹദ് ഫാസിൽ... ഇന്ത്യൻ സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പാൻ ഇന്ത്യന്‍ ചിത്രം 'പുഷ്‌പ'യ്‌ക്കായി. ചിത്രത്തിലെ അല്ലുവിന്‍റെ ലുക്കും ഫഹദ് ഫാസിലിന്‍റെ വില്ലൻ ഗെറ്റപ്പുമെല്ലാം മികച്ച പ്രതികരണമാണ് നേടിയത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക രശ്‌മിക മന്ദാനയാണ്.
പുഷ്‌യിൽ അല്ലു അർജുന്‍റെ നായിക രശ്‌മിക മന്ദാന
പുതിയതായി രശ്‌മിക മന്ദാനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വളരെ വ്യത്യസ്‌തമായ വേഷമാണ് രശ്‌മികക്കെന്നാണ് ചിത്രത്തിലെ ക്യാരക്‌ടർ പോസ്റ്റർ സൂചിപ്പിക്കുന്നത്.
പുഷ്‌പയായി അല്ലുവും ബന്‍വാര്‍ സിങ് ഷെഖാവത്ത് ഐപിഎസ്സായി ഫഹദുമെത്തുമ്പോൾ, രശ്‌മിക അവതരിപ്പിക്കുന്നത് ശ്രീവല്ലി എന്ന ചങ്കൂറ്റമുള്ള നായികയെയാണ്. പുഷ്‌പയുടെയും ശ്രീവല്ലിയുടെയും കോമ്പിനേഷൻ ത്രില്ലർ ചിത്രത്തിലേക്ക് പ്രണയം കൂടി നിറക്കുമെന്നാണ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് അണിയറപ്രവർത്തകർ പറയുന്നത്.
അടുക്കളയുടെ നിലത്തിരുന്ന് കമ്മല്‍ ഇടുന്ന ശ്രീവല്ലി. അടുത്ത് പട്ട് സാരിയും മുല്ലപ്പൂവും കണ്ണാടിയുമുണ്ട്. എന്നാൽ, വിഷാദത്തിലുള്ള നായികയായി രശ്‌മികയെ പരിചയപ്പെടുത്തിയത് ആരാധകർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ തന്നെ പ്രതീക്ഷക്കുമപ്പുറമാണ് പുഷ്‌പയെന്ന് പുതിയ പോസ്റ്റർ പറയുന്നു.
സുകുമാര്‍ തന്നെയാണ് പുഷ്‌പയ്ക്ക് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് പുഷ്‌പ റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും മുട്ടംസെട്ടി മീഡിയയുടെ ബാനറില്‍ വൈ രവിശങ്കറും ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിന് മിറോസ്ലോ കുബ ബ്രോസേക് ഛായാഗ്രഹണം നിർവഹിക്കുന്നു. കാര്‍ത്തിക ശ്രീനിവാസ് ആണ് എഡിറ്റർ.
More Read: പുഷ്‌പരാജിന്‍റെ എതിരാളി ബന്‍വാര്‍ സിങ് ഷെഖാവത്ത് ; മൊട്ടയടിച്ച് വമ്പൻ മേക്കോവറിൽ ഫഹദ്
തെന്നിന്ത്യയിലെ പ്രശസ്‌ത സംഗീതജ്ഞൻ ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണിലാ കിഷോര്‍, അനസൂയ ഭരത്വാജ് എന്നിവരാണ് അഭിനയനിരയിലെ മറ്റ് പ്രധാന താരങ്ങൾ. 2021 ക്രിസ്‌മസ് റിലീസായി പുഷ്‌പയുടെ ആദ്യ ഭാഗം പ്രദർശനത്തിനെത്തും.